ബംഗ്ലാദേശ് വീണ്ടും പുകയുന്നു; രാഷ്ട്രപിതാവിന്റെ വീട് ഇടിച്ചുനിരത്തി തീയിട്ടു
Friday, February 7, 2025 1:25 AM IST
ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷേഖ് മുജീബുർ റഹ്മാന്റെയും മകളും മുൻ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെയും ഔദ്യോഗിക വസതി ഇടിച്ചുനിരത്തി പ്രതിഷേധക്കാർ തീയിട്ടു. ഹസീനയുടെ പാർട്ടിയായ അവാമി ലീഗിലെ നിരവധി നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി.
വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് നാടുകടത്തപ്പെട്ട ഹസീന സമൂഹ മാധ്യമത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. അവാമി ലീഗിന്റെ വിദ്യാർഥി പ്രസ്ഥാനമായ ഛത്ര ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണു ഹസീന പങ്കെടുത്തത്. നിലവിലെ ഭരണകൂടത്തിനെതിരേ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാന്‍ അവര്‍ ആഹ്വാനംചെയ്തു.
ഹസീന പ്രസംഗിക്കുമ്പോള്‍ ബുള്‍ഡോസര്‍ ഘോഷയാത്ര നടത്തണമെന്നു സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ബുധനാഴ്ച രാത്രി പ്രതിഷേധക്കാർ ധാക്കയിലെ ധൻമോണ്ടിയിലെ മുജീബുർ റഹ്മാന്റെ വസതിക്കുമുന്നിൽ തടിച്ചുകൂടിയത്.
ഹസീനയുടെ പ്രസംഗം തുടങ്ങിയതോടെ പ്രതിഷേധക്കാര്‍ വീട്ടിലേക്ക് ഇരച്ചുകയറി എക്സ്കവേറ്ററും ക്രെയ്നും ഉപയോഗിച്ച് കെട്ടിടം പൂര്‍ണമായും ഇടിച്ചുനിരപ്പാക്കി. പിന്നാലെ വീട്ടിലെ സാധങ്ങളെല്ലാം അഗ്നിക്കിരയാക്കി. വീടിനോടു ചേർന്നുള്ള അവാമി ലീഗിന്റെ സംഘടനകളുടെ കെട്ടിടങ്ങളും പ്രതിഷേധക്കാർ ഇടിച്ചുനിരത്തി.
മുജിബുർ റഹ്മാന്റെ ഛായാചിത്രങ്ങളും വലിച്ചുകീറി. ഇതിനോട് വൈകാരികമായാണ് ഹസീന പ്രതികരിച്ചത്. “അവർക്ക് കെട്ടിടങ്ങൾ തകർക്കാൻ കഴിയും; എന്നാൽ ചരിത്രം മായ്ക്കാൻ കഴിയില്ല.ചരിത്രം പ്രതികാരം ചെയ്യുമെന്ന് ഓർക്കണം. ഈ വീട് തകർക്കുകയാണ്. അത് എന്ത് കുറ്റകൃത്യമാണ് ചെയ്തത്? എന്തുകൊണ്ടാണ് അവർ ഈ വീടിനെ ഇത്രയധികം ഭയപ്പെടുന്നത്? രാജ്യത്തെ ജനങ്ങളിൽനിന്നു ഞാൻ നീതി തേടുകയാണ്”- ഹസീന പറഞ്ഞു.
ഹസീനയുടെ ഭർത്താവ് പരേതനായ വാജെദ് മിയാന്റെ ധൻമോണ്ടിയിലെ റോഡ് അഞ്ചിലെ വസതിക്കും പ്രതിഷേധക്കാർ തീയിട്ടു. ഹസീന അധികാരം വിട്ടതിനു പിന്നാലെ ‘സുധാ സദൻ’ എന്ന ഈ വസതി ഒഴിഞ്ഞിരുന്നു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ അക്രമം അരങ്ങേറി. ഹസീനയുടെ ബന്ധുക്കളുടെ വീടുകൾക്കുനേരെയും ആക്രമണമുണ്ടായി. ബരിഷാൽ മുൻ മേയറും ഹസീനയുടെ ബന്ധുവുമായ സെർനിയബത്ത് സാദിഖ് അബ്ദുള്ളയുടെ ഇരുനില വീട് പ്രതിഷേധക്കാർ ഇടിച്ചുനിരത്തി.
അവാമി ലീഗ് ജോയിന്റ് ജനറൽ സെക്രട്ടറി മുഹബ്ദുൾ അലാം ഹനീഫ്, കുഷ്തിയ അവാമി ലീഗ് പ്രസിഡന്റ് സദർ ഖാൻ എന്നിവരുടെ വീടുകളും കൊള്ളയടിക്കപ്പെട്ടു. നിരവധി സർവകലാശാലകളിൽ സ്ഥാപിച്ചിരുന്ന മുജിബുർ റഹ്മാന്റെ ഛായാചിത്രങ്ങൾ നശിപ്പിക്കപ്പെട്ടു.
ഇന്ത്യയെ പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ്
ഷെയ്ഖ് ഹസീനയ്ക്കെതിരേ നടപടി എടുക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്. സമൂഹമാധ്യമത്തിലൂടെ വിദ്വേഷ പ്രസ്താവനകൾ നടത്തുന്നതിൽനിന്നു ഹസീനയെ തടയാൻ നടപടികൾ സ്വീകരിക്കണം.
സമൂഹമാധ്യമങ്ങളിലൂടെ തെറ്റായതും വളച്ചൊടിച്ചതുമായ പ്രസ്താവനകളിലൂടെ ഹസീന രാജ്യത്ത് കലാപം സൃഷ്ടിക്കുന്നതിൽ ഇന്ത്യയോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.