നെറ്റ്സരിം ഇടനാഴിയിൽനിന്ന് ഇസ്രേലി സേന പിൻവാങ്ങി
Monday, February 10, 2025 12:40 AM IST
കയ്റോ: ഗാസയെ രണ്ടായി വിഭജിക്കുന്ന നെറ്റ്സരിം ഇടനാഴിയിൽനിന്ന് ഇസ്രേലി സേന പിന്മാറി. ജനുവരി 19ന് നിലിൽ വന്ന വെടിനിർത്തൽ ധാരണയുടെ ഭാഗമായാണു പിന്മാറ്റം. ഇസ്രേലി സൈനികവാഹനങ്ങൾ ഇസ്രേലി അതിർത്തിയിലേക്കു മടങ്ങുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസി പുറത്തുവിട്ടു.
ഗാസയെ വടക്ക്, തെക്ക് പ്രദേശങ്ങളായി വിഭജിക്കുന്ന ആറര കിലോമീറ്റർ നീളമുള്ള ഇടനാഴി, യുദ്ധമാരംഭിച്ചതിനു പിന്നാലെ ഇസ്രേലി സേന നിയന്ത്രണത്തിലാക്കിയിരുന്നു.
ഇസ്രേലി സേനയുടെ പിന്മാറ്റത്തോടെ ഇടനാഴിയുടെ നിയന്ത്രണം ഹമാസിന്റെ പോലീസ് വിഭാഗം ഏറ്റെടുത്തു. തെക്കൻ ഗാസയിൽനിന്നു വടക്കൻ ഗാസയിലേക്കു തിരിച്ചെത്തുന്ന പലസ്തീനികളുടെ നീക്കങ്ങൾ ഹമാസ് നിയന്ത്രിക്കാൻ തുടങ്ങി.
ജനുവരി 19നു വെടിനിർത്തൽ നിലവിൽ വന്നശേഷം ഹമാസ് ഭീകരർ ഗാസയിൽ സാന്നിധ്യം ശക്തമാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ ധാരണ പ്രകാരം ഇതുവരെ 21 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇസ്രേലി ജയിലുകളിൽനിന്ന് 566 പലസ്തീൻ തടവുകാരും മോചിതരായി.