ഡീപ്സീക്ക് വിവരങ്ങൾ ചോർത്തും; മുന്നറിയിപ്പുമായി ദക്ഷിണകൊറിയ
Tuesday, February 11, 2025 3:03 AM IST
സീയൂൾ: ചൈനയിലെ അദ്ഭുത നിർമിതബുദ്ധി ആപ്പായ ഡീപ്സീക്ക് വ്യാപകമായ തോതിൽ വ്യക്തിഗത വിവരങ്ങൽ ചോർത്തുന്നതായി ദക്ഷിണകൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (എൻഐഎസ്) മുന്നറിയിപ്പു നല്കി.
ഡീപ്സീക്ക് ഉപയോഗിക്കുന്പോൾ മുൻകരുതൽ പാലിക്കണമെന്നു സർക്കാർ ഏജൻസികൾക്ക് എൻഐഎസ് നിർദേശം നല്കി. കൊറിയയിലെ ചില സർക്കാർ മന്ത്രാലയങ്ങളിൽ ഡീപ്സീക്കിനു നേരത്തേതന്നെ നിരോധനമുണ്ട്.
ഡീപ്സീക്ക് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ പരസ്യദാതാക്കൾക്കു പരിധിയില്ലാതെ കൈമാറുന്നു. ദക്ഷിണകൊറിയയിൽനിന്നു ശേഖരിക്കുന്ന വിവരങ്ങൾ ചൈനയിലെ സെർവറിലാണു സൂക്ഷിക്കുന്നതെന്നും എൻഐഎസ് കണ്ടെത്തി. ചൈനയിലെ നിയമം അനുസരിച്ച് സർക്കാർ ആവശ്യപ്പെട്ടാൽ വിവരങ്ങൾ കൈമാറാൻ ഡീപ്സീക്കിനു ബാധ്യതയുണ്ട്.
ടിയാനൻമെൻ കൂട്ടക്കൊല പോലെയുള്ള വിഷയങ്ങളെക്കുറിച്ചു ചോദിച്ചാൽ ഡീപ്സീക്ക് വിഷയംമാറ്റുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. ഒരേ ചോദ്യം വ്യത്യസ്ത ഭാഷകളിൽ ചോദിച്ചാൽ ചോദിക്കുന്നവരുടെ അഭിരുചിക്കനുസരിച്ചുള്ള ഉത്തരങ്ങൾ നല്‍കുന്നതായും കണ്ടെത്തി.
ചൈനീസ് ഭീഷണി നേരിടുന്ന തായ്വാനിലെ സർക്കാർ വകുപ്പുകളിൽ ഡീപ്സീക്കിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളും ആപ്പിൽ സംശയം പ്രകടിപ്പിച്ചിരുന്നു.