ട്രംപ് ഉദ്ദേശിച്ചത് താത്കാലത്തേക്കു മാറ്റിപ്പാർപ്പിക്കൽ; വിശദീകരണവുമായി വൈറ്റ്ഹൗസ്
Friday, February 7, 2025 1:25 AM IST
വാഷിംഗ്ടൺ ഡിസി: ആഗോളതലത്തിൽ വിമർശനം ശക്തമായതോടെ ട്രംപിന്റെ ഗാസാ പദ്ധതിയിൽ വിശദീകരണവുമായി വൈറ്റ്ഹൗസ്. പുനരുദ്ധാരണസമയത്ത് ഗാസ നിവാസികളെ തത്കാലത്തേക്കു മാറ്റിപ്പാർപ്പിക്കാമെന്നാണു ട്രംപ് ഉദ്ദേശിച്ചതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വൈറ്റ്ഹൗസ് വക്താവ് കരോളിൻ ലെവിറ്റും പറഞ്ഞു.
ഗാസയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു പുനർനിർമിക്കാമെന്ന ട്രംപിന്റെ വാഗ്ദാനം വലിയ മഹാമനസ്കതയാണെന്നു റൂബിയോ വിശദീകരിച്ചു. ഇക്കാലയളവിൽ ഗാസ നിവാസികൾക്ക് മറ്റെവിടെയെങ്കിലും താമസിച്ചേ പറ്റൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധത്തിൽ തകർന്ന ഗാസ മനുഷ്യർക്കു താമസിക്കാൻ പറ്റുന്ന സ്ഥലമല്ലെന്നു കരോളിൻ ലെവിറ്റും വിശദീകരിച്ചു.
അതേസമയം, ചൊവ്വാഴ്ച ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവുമൊത്ത് നടത്തിയ പത്രസമ്മേളനത്തിൽ പലസ്തീനികളെ സ്ഥിരമായി മാറ്റിപ്പാർപ്പിക്കണമെന്നുതന്നെയാണ് ട്രംപ് പറഞ്ഞത്.
ഇസ്രയേലിലെ തീവ്രനിലപാടുകാർ മാത്രമാണു ട്രംപിന്റെ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുള്ളത്. അമേരിക്കയിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാർ വരെ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.