ആഗ ഖാൻ അന്തരിച്ചു
Thursday, February 6, 2025 3:53 AM IST
പാരീസ്: ഇസ്മാഈലി വിശ്വാസികളുടെ ആത്മീയഗുരുവും കോടീശ്വരനും ജീവകാരുണ്യ പ്രവർത്തകനുമായ ആഗ ഖാൻ (88) അന്തരിച്ചു. ചൊവ്വാഴ്ച പോർച്ചുഗലിലെ ലിസ്ബണിലായിരുന്നു അന്ത്യം.
ഷിയാ ഇസ്മാഈലി വിശ്വാസികളുടെ 49-ാമത്തെ ഇമാമാണ് ആഗ ഖാൻ. ഹാർവാഡ് ബിരുദ വിദ്യാർഥിയായിരിക്കെ 20-ാം വയസിലാണ് ഇസ്മാഈലി വിശ്വാസികളുടെ ആത്മീയ നേതാവായി ആഗ ഖാൻ മാറിയത്. വിവിധ രാജ്യങ്ങളിൽ വീടുകളും ആശുപത്രികളും സ്കൂളുകളും നിർമിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ ചെലവഴിച്ച അദ്ദേഹം വലിയ മനുഷ്യസ്നേഹിയായാണ് അറിയപ്പെടുന്നത്.
വിവിധ രാജ്യങ്ങളിൽ നൂറു കണക്കിന് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ആഗ ഖാൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്. 30ലധികം രാജ്യങ്ങളിൽ ഇതു പ്രവർത്തിക്കുന്നുണ്ട്.