ഗാസയിൽ സുഖവാസ കേന്ദ്രം: എതിർപ്പുമായി ആഗോള സമൂഹം
Thursday, February 6, 2025 3:53 AM IST
പാരീസ്: പലസ്തീനികളെ പുറത്താക്കി ഗാസയിൽ സുഖവാസ കേന്ദ്രം നിർമിക്കണമെന്ന ട്രംപിന്റെ ആശയം അമേരിക്കയുടെ സഖ്യകക്ഷികളും അന്താരാഷ്ട്ര സമൂഹവും തള്ളിക്കളഞ്ഞു. ഏറ്റവും ശക്തമായ എതിർപ്പ് ഫ്രാൻസിൽനിന്നാണുണ്ടായത്.
പലസ്തീൻ ജനതയെ ബലംപ്രയോഗിച്ചു പുറത്താക്കുന്നതിനെ ഫ്രാൻസ് എതിർക്കുന്നതായി വിദേശകാര്യമന്ത്രാലയം വക്താവ് ക്രിസ്റ്റോഫ് ലെമോയിൻ പറഞ്ഞു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും പലസ്തീൻ ജനതയുടെ അഭിലാഷങ്ങൾക്കു നേർക്കുള്ള ആക്രമണവും ദ്വിരാഷ്ട്ര ഫോർമുലയ്ക്കു വിഘാതവുമാണ്. ഗാസയുടെ ഭാവി പലസ്തീൻ ജനതയാണു നിശ്ചയിക്കേണ്ടതെന്നും വക്താവ് കൂട്ടിച്ചേർത്തു.
ദ്വിരാഷ്ട്ര ഫോർമുലയെ പിന്തുണയ്ക്കുന്ന ഓസ്ട്രേലിയൻ നിലപാടിനു മാറ്റമില്ലെന്നു പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കി. താൻ ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയാണെന്നും ട്രംപിന്റെ പ്രസ്താവനകൾക്കു ദിവസവും മറുപടി പറയലല്ല തന്റെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ്വിരാഷ്ട്ര ഫോർമുലയ്ക്കുള്ള പിന്തുണയിൽ മാറ്റമില്ലെന്നു ന്യൂസിലൻഡ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബ്രിട്ടൻ, സ്പെയിൻ, അയർലൻഡ് എന്നീ രാജ്യങ്ങളും ദ്വിരാഷ്ട്ര ഫോർമുലയാണു പശ്ചിമേഷ്യാ പ്രശ്നപരിഹാരത്തിനുള്ള വഴിയെന്ന് എടുത്തുപറഞ്ഞു.
യുദ്ധാനന്തര ഗാസയുടെ ഭരണം പലസ്തീൻ ജനതയ്ക്കായിരിക്കണമെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പലസ്തീൻ ജനങ്ങളെ കുടിയിറക്കുന്ന കാര്യം ആലോചിക്കാൻ പോലും പറ്റില്ലെന്നു തുർക്കി വിദേശകാര്യമന്ത്രി ഹാഗാൻ ഫിദാൻ പറഞ്ഞു. ദ്വിരാഷ്ട്ര ഫോർമുല നടപ്പാക്കിയാലേ പശ്ചിമേഷ്യയിൽ സമാധാനമുണ്ടാകൂ എന്ന് റഷ്യയും പറഞ്ഞു.
പലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യുഎൻ ഇടപെടണമെന്നു പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ അരാജകത്വവും സംഘർഷവും വിതയ്ക്കാനാണു ട്രംപ് ശ്രമിക്കുന്നതെന്നു ഗാസയിലെ ഹമാസ് ഭീകരർ പറഞ്ഞു.
പലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ ഇസ്രയേലുമായി ബന്ധമില്ല: സൗദി
റിയാദ്: പലസ്തീൻകാരെ അവരുടെ ഭൂമിയിൽനിന്നു മാറ്റിപ്പാർപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നു സൗദി അറേബ്യ. പലസ്തീൻകാരെ പുറത്താക്കി ഗാസയെ സുഖവാസകേന്ദ്രമാക്കി മാറ്റാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയ്ക്ക് ഉടനടി മറുപടി നല്കുകയായിരുന്നു സൗദി.
പലസ്തീൻ രാഷ്ട്രം രൂപീകൃതമാകാതെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പലസ്തീൻ വിഷയത്തിൽ തങ്ങളുടെ നിലപാടിനു മാറ്റമില്ലെന്നും സൗദി കൂട്ടിച്ചേർത്തു.
ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണു ട്രംപ് വിവാദ നിർദേശം അവതരിപ്പിച്ചത്. പലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണമെന്ന ആവശ്യം സൗദിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
സൗദിയും ഇസ്രയേലും ബന്ധം മെച്ചപ്പെടുത്തണമെന്ന ആഗ്രഹം ട്രംപിനുണ്ടെന്നാണു റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആദ്യഭരണകാലത്തുണ്ടാക്കിയ ഏബ്രഹാം ഉടന്പടി പ്രകാരം യുഎഇ, ബഹറിൻ രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിച്ചിരുന്നു. പശ്ചിമേഷ്യയിലും മുസ്ലിം ലോകത്തിലും വ്യാപക സ്വാധീനം ചെലുത്തുന്ന സൗദിയുമായി ബന്ധമുണ്ടാക്കണമെന്ന് ഇസ്രയേലിനും ആഗ്രഹമുണ്ട്.