വ്യാപാരയുദ്ധം 2.0; ട്രംപ് ഒരടി പിന്നോട്ട്
Tuesday, February 4, 2025 3:18 AM IST
വാഷിംഗ്ടണ്‍ ഡിസി: മയക്കുമരുന്നു വ്യാപനം നിയന്ത്രിക്കുന്നതിന് അതിര്‍ത്തിയില്‍ അടിയന്തരമായി പതിനായിരം സൈനികരെ വിന്യസിക്കുമെന്ന് മെക് സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം സമ്മതിച്ചതിനെത്തുടര്‍ന്ന് മെക്സിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം വ്യാപാരച്ചുങ്കം ചുമത്താനുള്ള തീരുമാനം ഒരുമാസത്തേക്ക് മരവിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
മെക്സിക്കന്‍ പ്രസിഡന്റുമായി സംസാരിച്ചുവെന്ന് സമൂഹമാധ്യമത്തിലൂടെ ട്രംപ് അറിയിച്ചു. ഒരുമാസത്തിനുള്ളില്‍ വിദേശ, ധനകാര്യ, വാണിജ്യ സെക്രട്ടറിമാര്‍ മെക്സിക്കന്‍ ഉന്നതതല സംഘവുമായി ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ രൂപപ്പെടുന്നതിനു കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനവും ചൈനയ്ക്കു 10 ശതമാനവും ഇറക്കുമതിച്ചുങ്കം ചുമത്തുമെന്നായിരുന്നു ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ഇറക്കുമതിക്കും ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
കൃത്യസമയം പറയുന്നില്ലെങ്കിലും ഉടന്‍ ഉണ്ടാകുമെന്ന ട്രംപിന്റെ ഭീഷണി ലോകത്തെ വ്യാപാരയുദ്ധത്തിന്റെ പടിവാതിൽക്കലെത്തിച്ചിരുന്നു. ഇതിനിടെ,യാണ് മെക്സിക്കോയ്ക്കുള്ള ചുങ്കം മരവിപ്പിച്ച് ട്രംപിന്റെ പ്രഖ്യാപനം. പ്രശ്നത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സംസാരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറക്കുമതിച്ചുങ്കം കൊണ്ടുവന്നാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ഇന്നലെ യൂറോപ്യന്‍ യൂണിയൻ വ്യക്തമാക്കിയിരുന്നു. ഇറക്കുമതിച്ചുങ്കത്തിനെതിരേ കാനഡയിലും മെക്സിക്കോയിലും വ്യാപകമായ പ്രചാരണവും തുടങ്ങിയിരുന്നു.
യുഎസ് നീക്കം നേരിടുമെന്ന് ചൈനയും നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യൂറോപ്പിനെതിരേയും ട്രംപ് ഭീഷണി മുഴക്കിയത്.
27 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള യൂറോപ്യൻ യൂണിയന് ചുങ്കം ഏർപ്പെടുത്തുന്നത് ആലോചനയിലുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു ട്രംപിന്റെ മറുപടി.
യുഎസിനോടുള്ള യൂറോപ്യന്‍ യൂണിയന്റെ ഇടപെടൽ മോശമാണെന്നും ട്രംപ് ആരോപിച്ചു. യുഎസിലേക്കുള്ള കുടിയേറ്റവും മയക്കുമരുന്നിന്റെ ഒഴുക്കും നിയന്ത്രിച്ചില്ലെന്ന കാരണത്താലാണ് അയൽരാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും മൂക്കുകയറിടുന്നതായി ട്രംപ് ഭീഷണി മുഴക്കിയത്.
ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ കാനഡയില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. അമേരിക്കൻ തീരുമാനത്തിനെതിരേ ഒരുമിച്ചു നിൽക്കണമെന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ കനേഡിയന്‍ ജനതയോട് അഭ്യർഥിച്ചു. നമ്മളില്‍ പലരെയും തീരുമാനം ബാധിക്കും. കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഈ സാഹചര്യത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കണം-പ്രധാനമന്ത്രി പറഞ്ഞു.
അമേരിക്കയ്ക്കെതിരേ 25 ശതമാനം ചുങ്കം ചുമത്തുമെന്നു കഴിഞ്ഞദിവസം ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. മദ്യം, പഴവർഗങ്ങൾ, പച്ചക്കറി, വസ്ത്രം, ഫർണിച്ചർ മുതലായവ ഇതിൽ ഉൾപ്പെടും. അമേരിക്കൻ ഇറക്കുമതിക്ക് 25 ശതമാനം ചുങ്കം ചുമത്താൻ ധനമന്ത്രിക്കു നിർദേശം നല്‍കിയതായി മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമും പറഞ്ഞിരുന്നു.
ഇതിൽനിന്നു വ്യത്യസ്തമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ട്രംപിന്റെ നിലപാട്. ആ രാജ്യത്തിനുള്ള സാമ്പത്തികസഹായം അന്വേഷണവിധേയമായി നിര്‍ത്തലാക്കിയെന്നാണ് ട്രംപ് പറഞ്ഞത്.
ചില വിഭാഗക്കാര്‍ക്കുനേരേ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ വളരെ മോശമായാണു പെരുമാറുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഭൂമി കണ്ടുകെട്ടുകയും ആ വിഭാഗക്കാരോട് വളരെ മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം. അന്വേഷണവിധേയമായി രാജ്യത്തിനുള്ള എല്ലാ ധനസഹായവും വെട്ടിക്കുറയ്ക്കുന്നതായും ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതിനു പിന്നാലെ യുഎസുമായുള്ള ബന്ധത്തില്‍ ആശങ്കയില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമപോസ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് കഴിഞ്ഞയാഴ്ച ട്രംപുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ, വെള്ളക്കാരായ കര്‍ഷകരെ വ്യാപകമായി കൊലപ്പെടുത്തുന്നതിനും അവരുടെ കൃഷിയിടങ്ങള്‍ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുന്നതിനുമെതിരേ അന്വേഷണം നടത്തുമെന്ന് ഒന്നാം ട്രംപ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
നാറ്റോ സഖ്യത്തിലും ചർച്ചകൾ
വിവിധ രാജ്യങ്ങളുടെയുള്ള വ്യാപാരയുദ്ധം മുറുകുന്നതിനിടെ, അമേരിക്ക മുഖ്യപങ്കാളിയായ നാറ്റോ സഖ്യത്തിലും വിവിധ ദിശകളിലുള്ള കൂടിയാലോചനകൾ സജീവമായി. അമേരിക്കയുടെ സൈനികസഹായം കൂടാതെ ജർമനിക്കു സ്വയം പ്രതിരോധിക്കാനാകുമോ എന്ന് ഇന്നലെ പ്രമുഖ ജർമൻ മാധ്യമമായ എഫ്.എ. സെഡ് ചോദിച്ചു.
യൂറോപ്യൻ യൂണിയനിലെ പ്രമുഖ രാജ്യങ്ങളാണ് യൂറോപ്യൻ പ്രതിരോധത്തിന്റെ സൈനിക ചെലവുകളിൽ സിംഹഭാഗവും വഹിച്ചിരുന്നത്. എന്നാൽ, മേലിൽ ഓരോ രാജ്യവും അവരുടെ ജിഡിപിയുടെ മൂന്നു ശതമാനം പ്രതിരോധത്തിനുവേണ്ടി ചെലവഴിക്കണമെന്നാണ് ഉയർന്നുവരുന്ന നിർദേശം. പ്രസിഡന്റ് ട്രംപ് തുടങ്ങിവച്ചിരിക്കുന്ന വ്യാപാരയുദ്ധം അപ്രതീക്ഷിത മാനങ്ങൾക്കാണു തിരികൊളുത്തിയിരിക്കുന്നത്.