അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് സൗജന്യയാത്രയ്ക്ക് കരാർ ഇല്ലെന്ന് പനാമ പ്രസിഡന്റ്
Friday, February 7, 2025 1:25 AM IST
പനാമസിറ്റി: പനാമ കനാലിലൂടെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് സൗജന്യ സഞ്ചാരത്തിന് ധാരണയായെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അവകാശവാദം തള്ളി പനാമ പ്രസിഡന്റ് ഹോസെ റൗൾ മുലിനോ.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവനയ്ക്കെതിരേ പ്രതികരിക്കാൻ വാഷിംഗ്ടണിലെ പനാമ അംബാസഡറോട് മുലിനോ നിർദേശിച്ചു. മുലിനോയുടെ പ്രസ്താവനയിൽ അമേരിക്ക പ്രതികരണം നടത്തിയില്ല.
പനാമ കനാലിലൂടെ യുഎസ് കപ്പലുകൾക്ക് സൗജന്യ സഞ്ചാരം അനുവദിച്ചെന്ന് ബുധനാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിറക്കിയിരുന്നു. ഏതാനും ദിവസം മുന്പാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പനാമ പ്രസിഡന്റുമായും കനാൽ ഭരണകൂടവുമായും കൂടിക്കാഴ്ച നടത്തിയത്. പനാമ കനാലിൽ ചൈനയുടെ സ്വാധീനം സ്വീകാര്യമല്ലെന്നാണ് അമേരിക്കയുടെ നിലപാട്.