ട്രംപിന്റെ ഭീഷണി ഫലിച്ചു; ചൈനീസ് പദ്ധതിയിൽനിന്ന് പാനമ പിന്മാറി
Saturday, February 8, 2025 12:22 AM IST
ബെയ്ജിംഗ്: ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽനിന്നു പാനമ പിന്മാറി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദങ്ങളാണുപാനമയുടെ തീരുമാനത്തിനു പിന്നിൽ. പാനമ കനാൽ ബലം പ്രയോഗിച്ചും ഏറ്റെടുക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ചൈനീസ് പദ്ധതിയിൽനിന്നുള്ള പിന്മാറ്റം പാനമ പ്രസിഡന്റ് ഹൊസെ റൗൾ മുളീനോ വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. പാനമയുടെ തീരുമാനം ഖേദകരമാണെന്നു ചൈന പ്രതികരിച്ചു. ബെൽറ്റ് ആൻഡ് റോഡ് പദ്ധതി അട്ടിമറിക്കാൻ യുഎസ് സമ്മർദം പ്രയോഗിക്കുന്നതായും ചൈന ആരോപിച്ചു.
ആഗോളതലത്തിൽ ചൈനീസ് സ്വാധീനം വർധിപ്പിക്കാൻ പ്രസിഡന്റ് ഷി ചിൻപിംഗ് നടപ്പാക്കുന്ന പശ്ചാത്തല വികസന പദ്ധതിയാണ് ബെൽറ്റ് ആൻഡ് റോഡ്. പദ്ധതിയുടെ പേരിൽ വിക്വസര രാജ്യങ്ങൾക്കു വൻ തുക വായ്പ നല്കുന്ന ചൈന കടക്കെണി നയതന്ത്രം പയറ്റുകയാണെന്ന ആരോപണമുണ്ട്.
അമേരിക്കയിലേക്കുള്ള ചരക്കുകടത്തിന്റെ 40 ശതമാനവും എൺപതു കിലോമീറ്റർ നീളമുള്ള പാനമ കനാലിലൂടെയാണ്. കനാലിൽ ചൈന നടത്തുന്ന നിക്ഷേപങ്ങളാണ് ട്രംപ് ഭരണകൂടത്തെ അസ്വസ്ഥമാക്കിയത്.