ബംഗ്ലാദേശിൽ കലാപം തുടരുന്നു ; അവാമി ലീഗ് നേതാക്കളുടെ വീടുകൾക്കു തീയിട്ടു
Saturday, February 8, 2025 12:22 AM IST
ധാക്ക: ബംഗ്ലാദേശിൽ അവാമി ലീഗിനെതിരായ വിദ്യാർഥിപ്രക്ഷോഭം പടരുന്നു. പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ നേതാക്കളുടെ വീടുകൾക്കു നേരേയാണ് ആക്രമണം. രാഷ്ട്രപിതാവും ഹസീനയുടെ പിതാവുമായ ഷേഖ് മുജിബുർ റഹ്മാന്റെ ഛായാചിത്രങ്ങളും രാജ്യവ്യാപകമായി നശിപ്പിക്കപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെ 1.30ന് ധാക്കയിലെ ബനാനിയിലുള്ള അവാമി ലീഗ് പ്രെസീഡിയം അംഗം ഷേഖ് സലിമിന്റെ വീട് അഗ്നിക്കിരയാക്കി. അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ഖാദറിന്റെ വീടും പ്രക്ഷോഭകർ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു.
ഖാദറിന്റെ സഹോദരൻ അബ്ദുൾ ഖാദർ മിശ്രയുടെയും ബസുർഹാത് മേയർ ഷഹാദത് മിശ്രയുടെയും വീടുകളും അഗ്നിക്കിരയാക്കി. ഈ സമയം വീടുകളിൽ ആരുമുണ്ടായിരുന്നില്ല. മുൻ വിദേശകാര്യമന്ത്രി ഷഹരിയാർ അലാമിന്റെ മൂന്നുനിലക്കെട്ടിടത്തിനും പ്രക്ഷോഭകർ തീയിട്ടു.
ബൈക്കുകളിലെത്തിയ നൂറോളം പ്രക്ഷോഭകർ വീടിനു തീയിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എഎൽ നേതാവ് അബു സയീദിന്റെ വീടും കത്തിച്ചു.
അക്രമപ്രവർത്തനങ്ങളെ ശക്തമായി ചെറുക്കുമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അറിയിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമം നടന്നാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഖേഖ് ഹസീന ഓൺലൈനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തതാണ് പ്രകോപനത്തിനു കാരണമായത്. മുജിബുർ റഹ്മാന്റെ സ്മാരകവും വീടും പ്രക്ഷോഭകർ തകർക്കുകയും തീയിടുകയും ചെയ്തു.