നമീബിയയുടെ രാഷ്ട്രപിതാവ് സാം നുജോമ അന്തരിച്ചു
Monday, February 10, 2025 12:40 AM IST
ഒഷക്തി: ആഫ്രിക്കൻ രാജ്യമായ നമീബിയയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റും സ്വാതന്ത്ര്യസമരസേനാനിയുമായ സാം നുജോമ (95) അന്തരിച്ചു. ശനിയാഴ്ച രാത്രി തലസ്ഥാനമായ വിൻഡ്ഹോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
നമീബിയൻ പ്രസിഡന്റ് നങ്കോളോ എംബുംബയാണു മരണം സ്ഥിരീകരിച്ചത്. നുജോമയുടെ മരണത്തിൽ നമീബിയ ഉലഞ്ഞെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ജർമനിയുടെ കൊളോണിയൽ ഭരണത്തിൽനിന്നും ദക്ഷിണാഫ്രിക്കയുടെ വർണവിവേചനത്തിന്റെ നുകത്തിൽനിന്നും നമീബിയയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച നേതാവായിരുന്നു നുജോമ.
1990ൽ നമീബിയ സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യ പ്രസിഡന്റായ നുജോമ നീണ്ട 15 വർഷം ആ സ്ഥാനത്ത് തുടർന്നു. കൊളോണിയൽ ഭരണത്തിൽനിന്നു തങ്ങളുടെ രാഷ്ട്രങ്ങളെ സ്വതന്ത്രമാക്കിയ ആഫ്രിക്കൻ നേതാക്കളായ ദക്ഷിണാഫ്രിക്കയിലെ നെൽസൺ മണ്ടേല, സിംബാബ്വെയുടെ റോബർട്ട് മുഗാബെ, സാംബിയയുടെ കെന്നത്ത് കൗണ്ട, ടാൻസാനിയയുടെ ജൂലിയസ് നൈരേരെ, മൊസാംബിക്കിന്റെ സമോറ മച്ചൽ എന്നിവരുടെ നിരയിൽ ജീവിച്ചിരുന്ന അവസാനത്തെ ചരിത്രവ്യക്തിത്വമായിരുന്നു നുജോമ.
സ്വതന്ത്ര ഭരണഘടന സ്ഥാപിച്ച അദ്ദേഹം വെള്ളക്കാരായ ബിസിനസുകാരെയും രാഷ്ട്രീയക്കാരെയും സർക്കാരിൽ ഉൾപ്പെടുത്തി. ഈ നടപടിയെ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾപോലും പ്രശംസിച്ചു. മാർക്സിസ്റ്റ് എന്ന മുദ്രകുത്തപ്പെട്ട അദ്ദേഹം തികഞ്ഞ പാശ്ചാത്യവിരുദ്ധനായിരുന്നു. 2000ൽ ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ, എയ്ഡ്സ് മനുഷ്യനിർമിത ജൈവായുധമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
നമീബിയയിലെ യുവാക്കളെ ദുഷിപ്പിക്കുന്നുവെന്നാരോപിച്ച് വിദേശ ടെലിവിഷൻ പരിപാടികൾ നിരോധിച്ചിരുന്നു. നമീബിയയുടെ വിമോചന പ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന വടക്കൻ കൊറിയ, ക്യൂബ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ദരിദ്രകുടുംബത്തിൽ ജനിച്ച നുജോമ 11 മക്കളിൽ മൂത്തവനായിരുന്നു.
1959ൽ ആദ്യമായി പ്രതിഷേധസമരത്തിൽ പങ്കെടുത്ത അദ്ദേഹത്തെ ടാൻസാനിയയിലേക്കു നാടുകടത്തി. 1960ൽ സൗത്ത് വെസ്റ്റ് ആഫ്രിക്കൻ പീപ്പിൾസ് ഓർഗനൈസേഷൻ സ്ഥാപിച്ച നുജോമ അതിന്റെ ആദ്യ പ്രസിഡന്റായി. 2007ൽ സ്ഥാനം ഒഴിയുന്നതുവരെ സ്വാപോയുടെ പ്രസിഡന്റായിരുന്നു.