വെസ്റ്റ്ബാങ്കിൽ ഗർഭിണി വെടിയേറ്റു മരിച്ചു
Monday, February 10, 2025 12:40 AM IST
രമള്ള: അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രേലി സേന നടത്തുന്ന ഓപ്പറേഷനിടെ പലസ്തീൻ ഗർഭിണി കൊല്ലപ്പെട്ടു. നൂർഷാംസ് അഭയാർഥി ക്യാന്പിൽ ഇന്നലെയായിരുന്നു സംഭവം.
എട്ടു മാസം ഗർഭിണിയായിരുന്ന ഷലബി എന്ന ഇരുപത്തിരണ്ടുകാരിക്ക് ഇസ്രേലി സേനയുടെ വെടിയേൽക്കുകയായിരുന്നുവെന്നു പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗർഭസ്ഥശിശുവിനെ രക്ഷിക്കാനായില്ല. ഇവരുടെ ഭർത്താവ് ഗുരുതരാവസ്ഥയിലാണ്. യുവതിയും ഭർത്താവും വീട്ടിൽനിന്നു പുറത്തിറങ്ങവേ ഇസ്രേലി സേന വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഗാസ വെടിനിർത്തൽ നിലവിൽവന്ന ജനുവരി 19ന് രണ്ടു ദിവസം കഴിഞ്ഞ് ഇസ്രേലി സേന വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഭയാർഥി ക്യാന്പുകളിൽ ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്.