ശ്രീലങ്ക മുഴുവൻ വൈദ്യുതി നിലച്ചു; കാരണം കുരങ്ങൻ
Tuesday, February 11, 2025 3:03 AM IST
കൊളംബോ: ഞായറാഴ്ച ശ്രീലങ്കയിലുടനീളം വൈദ്യുതി നിലച്ചതിനു കാരണം ഒരു കുരങ്ങനാണെന്ന് ഊർജമന്ത്രി കുമാര ജയകോടി. കൊളംബോയിലെ സബ്സ്റ്റേഷനിൽ കടന്ന കുരങ്ങൻ വൈദ്യുതിവിതരണത്തിനുള്ള ഗ്രിഡ് ട്രാൻസ്ഫോർമറുമായി സന്പക്കർത്തിലായെന്നാണു മന്ത്രി പറഞ്ഞത്.
ഞായറാഴ്ച രാവിലെ 11.00നു നിലച്ച വൈദ്യുതി ക്രമേണ പുനഃസ്ഥാപിച്ചുവരികയാണ്. ആശുപത്രികൾക്കും, ജലശുദ്ധീകരണ പ്ലാന്റുകൾക്കുമായിരിക്കും ആദ്യം വൈദ്യുതി പുനഃസ്ഥാപിക്കുക. പഴയ ഗ്രിഡ് സംവിധാനം മൂലം ശ്രീലങ്കയിൽ കൂടെക്കൂടെ വൈദ്യുതി പ്രസിന്ധി ഉണ്ടാകുന്നതായി പ്രാദേശിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഒരു കുരങ്ങൻ രാജ്യത്ത് വൈദ്യുതി ഇല്ലാതാക്കിയെന്ന മന്ത്രിയുടെ അറിയിപ്പ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും കാരണമായി. പുരാണത്തിലെ ഹനുമാൻ ലങ്കയ്ക്കു തീയിട്ട കാര്യംവരെ ചിലർ ചൂണ്ടിക്കാട്ടി.