യുക്രെയ്ൻ സേന അതിർത്തികടന്ന് റഷ്യയെ ആക്രമിച്ചു
Thursday, August 8, 2024 12:39 AM IST
മോസ്കോ: യുക്രെയ്ൻ സേന അതിർത്തി കടന്ന് റഷ്യൻ സേനയുമായി ഏറ്റുമുട്ടി. ചൊവ്വാഴ്ച മുന്നൂറോളം സൈനികരാണ് ടാങ്കുകളും ഇതര കവചിതവാഹനങ്ങളുമായി കുർസ് മേഖലയിലെ അതിർത്തി കടന്നത്.
അതിർത്തി ഗ്രാമങ്ങളിലും അതിർത്തിയിൽനിന്ന് പത്തു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സുദ്ഷ പട്ടണത്തിലും യുക്രെയ്ൻ സേന ആക്രമണം നടത്തി. സുദ്ഷയിൽ അഞ്ചു സിവിലിയന്മാർ കൊല്ലപ്പെടുകയും 28 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ആയിരക്കണക്കിനു പേർ മേഖലയിൽനിന്നു പലായനം ചെയ്തുവെന്നാണു റിപ്പോർട്ട്. അക്രമികളെ തുരത്തിയതായി റഷ്യ അവകാശപ്പെട്ടുവെങ്കിലും അതിർത്തിഗ്രാമങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നതായ റിപ്പോർട്ടുകളുണ്ട്.
യുക്രെയ്ൻ അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്നു റഷ്യൻ പ്രസിഡന്റ് പുടിൻ ആരോപിച്ചു. ജനവാസ കേന്ദ്രങ്ങളിൽ വിവേചനമില്ലാതെ ആക്രമണം നടത്തിയെന്നും ദേശീയ സുരക്ഷാസമിതി യോഗത്തിൽ പുടിൻ ആരോപിച്ചു.