ഭൂകന്പത്തിൽ കുലുങ്ങി ഇസ്താംബുൾ
Thursday, April 24, 2025 12:41 AM IST
ഇസ്താംബുൾ: തുർക്കിയിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രതയുള്ള ഭൂകന്പം അനുഭവപ്പെട്ടു. ഇന്നലെയുണ്ടായ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം ഇസ്താംബുളിന് 40 കിലോമീറ്റർ തെക്കുപടിഞ്ഞാറ് മാറി മർമറാ കടലിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു.
നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 5.3 തീവ്രതയുള്ളവയടക്കം നിരവധി തുടർചലനങ്ങളും പിന്നീടുണ്ടായി. പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽനിന്ന് ഇറങ്ങിയോടുകയും നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തുവെന്നും വിവരമുണ്ട്.
നഗരത്തിൽ ദുർബലമായ ധാരാളം കെട്ടിടങ്ങളുണ്ടങ്കിലും അപകടങ്ങളൊന്നും സംഭവിച്ചില്ലെന്നു അധികൃതർ പറയുന്നു. ഭൂചലനങ്ങൾ പതിവായ രാജ്യമാണ് തുർക്കി.