അഴിമതിക്കേസ്: മുൻ കൊറിയൻ പ്രസിഡന്റ് മൂണിനെതിരേ കുറ്റപത്രം
Friday, April 25, 2025 1:44 AM IST
സീയൂൾ: ദക്ഷിണകൊറിയയിലെ മുൻ പ്രസിഡന്റ് മൂൺ ജേ ഇന്നിനെതിരേ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. മകളുടെ ഭർത്താവിന് എയർലൈൻസ് കന്പനിയിൽ ഉന്നതപദവി ലഭിക്കാൻ, എയർലൈൻ കന്പനി മേധാവിക്ക് സർക്കാർ ഏജൻസിയുടെ മേധാവിസ്ഥാനം നല്‍കിയെന്നാണു കേസ്.
2017 മുതൽ 2022 വരെയാണ് മൂൺ പ്രസിഡന്റായിരുന്നത്. 2018ലാണ് കേസിനാസ്പദമായ സംഭവം. ഇസ്റ്റാർ എന്ന എയർലൈൻസിന്റെ സ്ഥാപകനും മുൻ പാർലമെന്റ് അംഗവുമായ ലീ സാൻ ജിക്കും കേസിൽ പ്രതിയാണ്.
മൂണിന്റെ മകളുടെ ഭർത്താവ് സിയോയ്ക്ക് വ്യോമയാന മേഖലയിൽ മുൻപരിചയമില്ലെങ്കിലും, 2018ൽ ഇസ്റ്റാർ കന്പനിയിൽ എക്സിക്യൂട്ടീവ് ഡയറക്ടർപദവി ലഭിച്ചിരുന്നു. ഇതേ കാലത്തുതന്നെ ചെറുകിട ഇടത്തരം വ്യവസാസയ സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള സർക്കാർ ഏജൻസിയുടെ തലവനായി ലീയും നിയമിതനായി.
എയർലൈൻ കന്പനി സിയോയ്ക്കു ശന്പളമായി നല്കിയ വൻ തുക യഥാർഥത്തിൽ പ്രസിഡന്റ് മൂണിനുള്ള കൈക്കൂലി ആയിരുന്നുവെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു.
നിയമക്കുരുക്ക് നേരിടുന്ന ദക്ഷിണകൊറിയൻ ഭരണാധികാരികളുടെ പട്ടികയിൽ അവസനമായി ഇടംപിടിച്ചയാളാണ് എഴുപത്തിരണ്ടുകാരനായ മൂൺ. മുൻ പ്രസിഡന്റുമാരായ പാർക്ക് ഗ്യൂൻ ഹ്യേ, ലീ മിയുംഗ് ബാക്ക് എന്നിവർ അഴിമതിക്കേസിൽ ജയിൽശിക്ഷ ലഭിച്ചവരാണ്.
മൂണിനുശേഷം പ്രസിഡന്റായ യൂൺ സുക് യോൾ പട്ടാളനിയമം പ്രഖ്യാപിച്ചതിന്റെ പേരിൽ ഇംപീച്ച് ചെയ്യപ്പെട്ടു. യൂണും ക്രിമിനൽ കേസ് നേരിടുന്നുണ്ട്.