170 രാജ്യങ്ങളിൽനിന്ന് പ്രതിനിധികളെത്തും
Friday, April 25, 2025 1:44 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യയാത്രയേകാൻ ലോകനേതാക്കൾ വത്തിക്കാനിലെത്തും. കുറഞ്ഞത് 170 രാജ്യങ്ങളിലെ രാഷ്ട്ര- സർക്കാർ മേധാവികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് റോം മേയറുടെ ഓഫീസ് അറിയിച്ചു. നാളെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന സംസ്കാരശുശ്രൂഷയിൽ ലോകമെങ്ങുംനിന്നുള്ള ജനലക്ഷങ്ങളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധനേടും.
2023ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരത്തിൽ ഏകദേശം 50,000 പേരും 2005ൽ ജോൺ പോൾ മാർപാപ്പയുടെ സംസ്കാരത്തിൽ ഏകദേശം മൂന്നു ലക്ഷം പേരും പങ്കെടുത്തിരുന്നു. ഇതിനെയെല്ലാം കവച്ചുവയ്ക്കുന്ന ജനസഞ്ചയം നാളെയെത്തുമെന്നാണു നിഗമനം. മാതൃരാജ്യമായ അർജന്റീനയിൽനിന്നുള്ള വിശ്വാസികൾ വത്തിക്കാനിലേക്ക് എത്തിത്തുടങ്ങി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടനിലെ വില്യം രാജകുമാരൻ, പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ, സ്പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവ്, ഭാര്യ ലെറ്റീഷ്യ രാജ്ഞി, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലാ ദ സിൽവ, സ്ഥാനമൊഴിയുന്ന ജർമൻ ചാൻസലർ ഓലഫ് ഷോൾസ്, യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി, അർജന്റീന പ്രസിഡന്റ് ജാവിയർ മിലെയ് തുടങ്ങിവരാണ് ചടങ്ങിനെത്തുന്ന പ്രമുഖർ.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യൂറോപ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ നേതാക്കളും കുടുംബസമേതമാണ് എത്തുക. ഇതോടൊപ്പം വിവിധ മതനേതാക്കളും സമുന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുക്കും. നിരവധി രാജ്യങ്ങൾ വത്തിക്കാനിലേക്ക് പ്രത്യേക പ്രതിനിധിസംഘങ്ങളെയും അയയ്ക്കുന്നുണ്ട്.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണു റിപ്പോർട്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുടിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളതിനാൽ ഐസിസി അംഗരാജ്യമായ ഇറ്റലിയിലെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ബാധ്യസ്ഥരാണ്.