ഈസ്റ്റർ വെടിനിർത്തൽ പ്രഖ്യാപിച്ച് പുടിൻ
Sunday, April 20, 2025 12:40 AM IST
മോസ്കോ: ഈസ്റ്റർ പ്രമാണിച്ച് യുക്രെയ്നുമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്നലെ അറിയിച്ചു. പ്രാദേശികസമയം ഇന്നലെ വൈകിട്ട് ആറു മുതൽ ഇന്നു രാത്രി പത്തു മണിവരെ ആയിരിക്കും വെടിനിർത്തൽ.
വെടിനിർത്തൽ കാലയളവിൽ യുക്രെയ്നെതിരായ എല്ലാവിധ സൈനിക നടപടികളും നിർത്തിവയ്ക്കാൻ പുടിൻ ഉത്തരവിട്ടു. റഷ്യൻ മാതൃക പിന്തുടർന്ന് യുക്രെയ്നും വെടിനിർത്തുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. വെടിനിർത്തൽ കാലയളവിൽ യുക്രെയ്ന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ നേരിടാൻ റഷ്യൻ സേന തയാറാണെന്നും പുടിൻ കൂട്ടിച്ചേർത്തു.
വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലെങ്കിൽ മധ്യസ്ഥശ്രമങ്ങളിൽനിന്ന് പിന്മാറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതിനു പിന്നാലെയാണ് പുടിന്റെ പ്രഖ്യാപനം. പുടിന്റെ ഈസ്റ്റർ വെടിനിർത്തൽ ദീർഘകാല വെടിനിർത്തലിനു വഴിയൊരുക്കുമെന്ന പ്രതീക്ഷയില്ല.