വേദന അനുഭവിക്കാതെയുള്ള മരണമായിരുന്നുവെന്ന് മാർപാപ്പയുടെ ഡോക്ടർ
Friday, April 25, 2025 1:44 AM IST
വത്തിക്കാൻ സിറ്റി: അപ്രതീക്ഷിതമായ പക്ഷാഘാതം മൂലം മരിച്ച മാർപാപ്പയ്ക്ക് അനാവശ്യമായ വേദന സഹിക്കേണ്ടി വന്നില്ലെന്ന് അദ്ദേഹത്തിന്റെ മെഡിക്കൽ സംഘം അറിയിച്ചു.
റോമിലെ ജെമെല്ലി ആശുപത്രിയിലെ സെർജിയോ അൽഫേരി എന്ന ഡോക്ടറാണ് മാർപാപ്പ ആശുപത്രിയിൽ കഴിയവേ അദ്ദേഹത്തിന്റെ ചികിൽസയ്ക്ക് മേൽനോട്ടം വഹിച്ചത്. “അടിയന്തരമായി വത്തിക്കാനിലേക്ക് വരാൻ ആവശ്യപ്പെടുന്ന ഫോണ് കോൾ തിങ്കളാഴ്ച പുലർച്ചെയാണ് എനിക്ക് ലഭിച്ചത്. 20 മിനിറ്റ് വൈകിയാണ് ഞാൻ അവിടെയെത്തിയത്. മുറിയിൽ പ്രവേശിച്ചപ്പോൾ അദ്ദേഹം കണ്ണ് തുറന്നുകിടക്കുന്നതാണ് കണ്ടത്.
ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയശേഷം വിളിക്കാൻ ശ്രമിച്ചപ്പോൾ പ്രതികരിച്ചില്ല”, ഡോക്ടർ ഇറ്റലിയിലെ ഒരു മാധ്യമത്തോടു പറഞ്ഞു. ഒപ്പമുള്ള ചിലർ മാർപാപ്പയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് പറഞ്ഞെങ്കിലും പോകുന്നവഴിക്ക് മരണം സംഭവിക്കുമായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്.
ആശുപത്രിവാസത്തിന് ശേഷം മറ്റ് ഡോക്ടർമാർ മാർപാപ്പയ്ക്ക് രണ്ട് മാസത്തെ വിശ്രമം നിർദേശിച്ചിരുന്നു. കഠിനമല്ലാത്ത ജോലികൾ ചെയ്യുന്നതും ചികിൽസയുടെ ഭാഗമായിരുന്നു. കഴിഞ്ഞ 17ന് തടവുകാരെ സന്ദർശിച്ചതിൽ സന്തോഷവാനായിരുന്നുവെങ്കിലും പെസഹായ്ക്ക് അവരുടെ പാദങ്ങൾ കഴുകാൻ കഴിയാത്തതിൽ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നുവെന്നും ഡോക്ടർ പറയുന്നു.