പൊതുദർശനം ഇന്ന് അവസാനിക്കും
Friday, April 25, 2025 1:44 AM IST
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാർപാപ്പയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ജനപ്രവാഹം തുടരുന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്നലെ പുലർച്ചെയും നീണ്ട നിര കാണാമായിരുന്നു. രണ്ടു ദിവസത്തിനിടെ ഒരു ലക്ഷത്തിലേറെ പേർ ഫ്രാൻസിസ് മാർപാപ്പയ്ക്കു ആദരാഞ്ജലി അര്‍പ്പിച്ച് പ്രാര്‍ഥിച്ചു.
അർധരാത്രിയിൽ ബസിലിക്ക അടയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ജനപ്രവാഹം തുടര്‍ന്നതോടെ ഇന്നലെ രാവിലെ 5.30 വരെ തുറന്നിരുന്നു. ബസിലിക്ക ശുചീകരിക്കുന്നതിനായി ഒന്നര മണിക്കൂര്‍ അടച്ചെങ്കിലും രാവിലെ ഏഴിന് പൊതുദര്‍ശനം പുനരാരംഭിച്ചു. മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പലർക്കും അഞ്ചു മണിക്കൂറിലധികം ക്യൂവിൽ നിൽക്കേണ്ടിവന്നു.
ഇന്നു രാത്രി ഏഴു വരെയാണ് വത്തിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പൊതുദര്‍ശന സമയം. സംസ്കാരച്ചടങ്ങിനുള്ള ഒരുക്കമായി ഇന്നു രാത്രി എട്ടിന് കാമർലെംഗോ കര്‍ദിനാള്‍ കെവിൻ ഫാരെല്‍ മൃതദേഹപേടകം അടയ്ക്കും. സഭയുടെ പാരമ്പര്യമനുസരിച്ച് മൂന്നു വസ്തുക്കൾ മാർപാപ്പമാരുടെ ശവമഞ്ചത്തിൽ നിക്ഷേപിക്കാറുണ്ട്.
നാളെ രാവിലെ പ്രാദേശികസമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ഡീൻ ജൊവാന്നി ബാത്തിസ്തറേ സംസ്കാരശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ തിരുക്കർമ്മങ്ങൾക്കുശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിലായിരിക്കും (മേരി മേജർ ബസിലിക്ക) ഭൗതികദേഹം കബറടക്കുക.
അവിടെ ‘റോമിന്റെ രക്ഷകയായ മാതാവിന്റെ’തിരുസ്വരൂപം സ്ഥിതിചെയ്യുന്ന പോളൈൻ ചാപ്പലിനും പീഡാനുഭവ ചാപ്പലിനും മധ്യേ തയാറാക്കിയ കല്ലറയിലായിരിക്കും ഭൗതികദേഹം കബറടക്കുക. തുടർന്ന് രാത്രി ഒന്‍പതിന് വലിയ പള്ളിയിൽ ജപമാല പ്രാർഥന ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരമുണ്ടായിരിക്കുമെന്നും വത്തിക്കാൻ അറിയിച്ചു.
പുതുഞായർ ഒഴികെ മേയ് നാലുവരെ എല്ലാദിവസവും വൈകുന്നേരം അഞ്ചിന് ദിവംഗതനായ മാർപാപ്പയ്ക്കുവേണ്ടി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അൾത്താരയിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ഞായറാഴ്ച പതിവുപോലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലായിരിക്കും വിശുദ്ധ കുർബാന.
സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാനായി സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവ, സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, എൻ.കെ. പ്രേമചന്ദ്രൻ എംപി എന്നിവർ ഇതിനോടകം വത്തിക്കാനിൽ എത്തിയിട്ടുണ്ട്.