ഇസ്രയേൽ ആക്രമണം: ഗാസയിൽ 14 പേർ കൊല്ലപ്പെട്ടു
Wednesday, April 23, 2025 1:00 AM IST
കയ്റോ: ഗാസയിൽ ഇന്നലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 14 പലസ്തീനികൾ കൊല്ലപ്പെട്ടു.
പ്രദേശത്തെ കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്യാനായി ഇടനിലക്കാർ നൽകിയ മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും നശിക്കുകയും ചെയ്തിട്ടുണ്ട്. വ്യോമാക്രമണങ്ങൾക്കു ശേഷം പ്രധാന റോഡുകൾ വൃത്തിയാക്കാനും രക്ഷാപ്രവർത്തനം നടത്താനും ആവശ്യമായ ഉപകരണങ്ങളുടെ ദൗർലഭ്യം ഗാസയിലെ പ്രതിസന്ധി വർധിപ്പിക്കുന്നുണ്ട്.
ഈജിപ്തും ഖത്തറും നൽകിയ നിരവധി ഉപകരണങ്ങൾ തങ്ങളുടെ പാർക്കിംഗ് ഗാരേജിൽ സൂക്ഷിച്ചിരുന്നുവെന്നും ആക്രമണത്തിൽ അവ നശിച്ചതായും ജബലിയ മേഖലയിലെ മുനിസിപ്പാലിറ്റി അറിയിച്ചു. ഇതോടൊപ്പം വാട്ടർ ടാങ്കറും ട്രക്കും മൊബൈൽ ജനറേറ്ററും നശിച്ചിട്ടുണ്ട്.
അതേസമയം, ലബനനിൽ ഇസ്രയേൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ മുസ്ലിം ബ്രദർഹുഡ് പ്രവർത്തകൻ ഹുസൈൻ അത്വി കൊല്ലപ്പെട്ടു.
കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷവും ഇസ്രയേൽ ആക്രമണം തുടരുകയാണെന്നു ലബനൻ പറയുന്നു.
എന്നാൽ, ഭീകരരെയും ആയുധശേഖരവുമാണ് തങ്ങൾ ലക്ഷ്യംവയ്ക്കുന്നതെന്നാണ് ഇസ്രയേലിന്റെ നിലപാട്.