വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയില്ലെങ്കിൽ മധ്യസ്ഥത അവസാനിപ്പിക്കും: ട്രംപ്
Sunday, April 20, 2025 12:40 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ ചർച്ചയിൽ പുരോഗതി ഇല്ലെങ്കിൽ മധ്യസ്ഥശ്രമങ്ങളിൽനിന്ന് പിന്മാറുമെന്ന് അമേരിക്ക. പ്രസിഡന്റ് ട്രംപും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഇക്കാര്യത്തിൽ വ്യക്തമായ സൂചന നല്കി.
കാര്യങ്ങൾക്കു വേഗത്തിൽ തീരുമാനം ഉണ്ടാകണമെന്നും ഏതെങ്കിലുമൊരു കക്ഷി വെടിനിർത്തലിനു വഴങ്ങുന്നില്ലെങ്കിൽ അമേരിക്ക മധ്യസ്ഥശ്രമം ഉപേക്ഷിക്കുമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അമേരിക്കയുടെ മധ്യസ്ഥശ്രമങ്ങൾ ആഴ്ചകളോ മാസങ്ങളോ നീട്ടാനാവില്ലെന്നും ദിവസങ്ങൾക്കുള്ളിൽ തീരുമാനം വേണമെന്നും റൂബിയോ പറഞ്ഞു.
അതേസമയം എത്രനാൾകൂടി കാക്കുമെന്ന മാധ്യമപ്രവർത്തരുടെ ചോദ്യത്തിനു മറുപടി നല്കാൻ ട്രംപ് തയാറായില്ല.
ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നീക്കമാരംഭിച്ചതാണ്. ആഴ്ചകൾ നീണ്ട ശ്രമത്തിൽ കാര്യമായ ഫലം ഉണ്ടായിട്ടില്ല.
അതിവേഗത്തിൽ വെടിനിർത്തലുണ്ടാവില്ലെന്ന യാഥാർഥ്യം വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരും അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.