മുസ്ലിം ബ്രദർഹുഡിന് ജോർദാനിൽ നിരോധനം
Friday, April 25, 2025 1:44 AM IST
അമ്മാൻ: മുസ്ലിം ബ്രദർഹുഡ് സംഘടനയെ ജോർദാൻ സർക്കാർ നിരോധിച്ചു. ജോർദാനിൽ ആക്രമണത്തിനു പദ്ധതിയിട്ട ബ്രദർഹുഡ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ഒരാഴ്ചയ്ക്കകമാണു നടപടി.
ബ്രദർഹുഡിന്റെ ഓഫീസുകൾ അടച്ചുപൂട്ടുമെന്ന് ആഭ്യന്തരമന്ത്രി മസെൻ അൽ ഫറായ അറിയിച്ചു. സംഘടനയുടെ സ്വത്തുക്കൾ കണ്ടുകെട്ടും. ഇനി സംഘടനാ പ്രവർത്തനം നിയമവിരുദ്ധമായിരിക്കും.
അതേസമയം, ബ്രദർഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഇസ്ലാമിക് ആക്ഷൻ ഫ്രണ്ടിനു നിരോധനം ബാധകമാണോ എന്ന കാര്യത്തിൽ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല. ജോർദാനിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണിത്.
ബ്രദർഹുഡ് നിരോധിച്ചതായി മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ പാർട്ടി ഓഫീസുകളിൽ പോലീസ് റെയ്ഡുണ്ടായി. പാർട്ടി സ്വതന്ത്ര പ്രസ്ഥാനമാണെന്നും ബ്രദർഹുഡുമായി ബന്ധമില്ലെന്നുമാണ് ഇതിന്റെ നേതാക്കൾ അവകാശപ്പെടുന്നത്.
രാജ്യത്ത് അരാജകത്വം വിതയ്ക്കാനായി റോക്കറ്റ്, ഡ്രോൺ ആക്രമണത്തിനു പദ്ധതിയിട്ട 16 ബ്രദർഹുഡ് പ്രവർത്തകരെ ജോർദാൻ ഇന്റലിജൻസ് ഏജൻസികൾ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ഒരു നൂറ്റാണ്ട് മുന്പ് ഈജിപ്തിൽ രൂപംകൊണ്ട മുസ്ലിം ബ്രദർഹുഡിൽനിന്നാണു പല ഭീകരപ്രസ്ഥാനങ്ങളും പിറവികൊണ്ടത്. ശരിയത്ത് സർക്കാരിനായി വാദിക്കുന്ന സംഘടനയെ ഈജിപ്തും പല അറബ് രാജ്യങ്ങളും ഭീഷണിയായിക്കണ്ട് നിരോധിച്ചിട്ടുണ്ട്.