ഇറാൻ ആക്രമണ പദ്ധതി ഇസ്രയേൽ ഉപേക്ഷിച്ചിട്ടില്ല
Sunday, April 20, 2025 12:40 AM IST
ന്യൂയോർക്ക്: അമേരിക്കയുടെ പിന്തുണയില്ലെങ്കിലും ഇറാനെ ആക്രമിക്കാനുള്ള നീക്കം ഇസ്രയേൽ ഉപേക്ഷിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ പരിമിതമായ ആക്രമണം നടത്താനുള്ള പദ്ധതി ഇസ്രയേലിന്റെ പരിഗണനയിലാണ്.
അമേരിക്കയുടെ സഹായത്തോടെ ഇറേനിയൻ ആണവകേന്ദ്രങ്ങളിൽ വൻ ആക്രമണം നടത്താനുള്ള പദ്ധതി ഇസ്രയേൽ നേരത്തേ തയാറാക്കിയിരുന്നു. കമാൻഡോ ഓപ്പറേഷനും ദിവസങ്ങൾ നീളുന്ന വ്യോമാക്രണവും ഉൾപ്പെട്ടതായിരുന്നു പദ്ധതി.
ഇറാൻ അണ്വായുധം വികസിപ്പിക്കുന്നത് വൈകിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രയേൽ പദ്ധതി തയാറാക്കിയത്. എന്നാൽ ഇറാൻ പ്രശ്നം നയതന്ത്രമാർഗത്തിൽ പരിഹരിക്കാൻ ആഗ്രഹിക്കുന്ന യുഎസ് പ്രസിഡന്റ് ട്രംപ് ഇസ്രയേലിന്റെ പദ്ധതി തള്ളി.
ഈ സാഹചര്യത്തിൽ അമേരിക്കയുടെ പിന്തുണയില്ലാതെ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ചെറിയതോതിലുള്ള ആക്രമണം നടത്താനാണ് ഇസ്രയേൽ ആലോചിക്കുന്നത്.