ഇറാൻ-യുഎസ് ചർച്ച : ആണവക്കരാറിന് മാർഗരേഖ തയാറാക്കും
Monday, April 21, 2025 1:49 AM IST
റോം: ആണവക്കരാറിനുള്ള മാർഗരേഖ തയാറാക്കാൻ ഇറാനും അമേരിക്കയും ധാരണയായി. ശനിയാഴ്ച റോമിലെ ഒമാൻ എംബസിയിൽ ഇരു വിഭാഗവും നടത്തിയ പരോക്ഷ ചർച്ചയിലാണ് തീരുമാനം.
മാർഗരേഖ തയാറാക്കാനായി ബുധനാഴ്ച ഒമാനിൽ വിദഗ്ധതല യോഗങ്ങൾ ആരംഭിക്കുമെന്ന് ചർച്ചയിൽ ഇറേനിയൻ സംഘത്തെ നയിച്ച വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ചർച്ച ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് അമേരിക്കൻ സംഘത്തെ നയിച്ചത്.
ചർച്ച നാലു മണിക്കൂർ നീണ്ടെങ്കിലും വിറ്റ്കോഫും അരാഗ്ചിയും നേരിട്ടു സംസാരിച്ചില്ല. ഒമാൻ ഉദ്യോഗസ്ഥരാണ് ഇരുവർക്കുമിടയിൽ സന്ദേശങ്ങൾ കൈമാറിയത്. അരാഗ്ചിയും വിറ്റ്കോഫും വരുന്ന ശനിയാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തും.
ഇറാന്റെ ആണവപദ്ധതികൾ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ ട്രംപാണ് ചർച്ചകൾക്കു മുൻകൈ എടുത്തിരിക്കുന്നത്. ആണവക്കരാർ ഉണ്ടാക്കിയില്ലെങ്കിൽ ഇറാനെ ആക്രമിക്കേണ്ടിവരുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.