മനുഷ്യൻ ദൈവകരങ്ങളിലെ കളിമണ്ണ്: കുരിശിന്റെ വഴിയിൽ മാർപാപ്പ
Sunday, April 20, 2025 12:40 AM IST
റോം: ദൈവകരങ്ങളിലെ കളിമണ്ണാണ് മനുഷ്യനെന്ന തിരിച്ചറിവുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ദുഃഖവെള്ളിയിൽ റോമിലെ കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴിയിലെ ധ്യാനാത്മക പ്രാർഥനകളിലാണ് മാർപാപ്പ ഇക്കാര്യം ഓർമിപ്പിച്ചത്.
ആശുപത്രിവാസത്തിനുശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനാൽ മാർപാപ്പ കുരിശിന്റെ വഴിയിൽ നേരിട്ടു പങ്കെടുത്തില്ല. അദ്ദേഹം എഴുതിത്തയാറാക്കിയ പ്രാർഥനകളാണ് കുരിശിന്റെ വഴിയിലെ ഓരോ സ്ഥലത്തും ചൊല്ലിയത്.
ദൈനംദിന ജീവിതത്തിലുടനീളം കാൽവരിപ്പാത കടന്നുപോകുന്നുണ്ടെങ്കിലും മനുഷ്യൻ കർത്താവിന്റെ ദിശയ്ക്കു വിപരീതമായാണു ചലിക്കുന്നത്. കംപ്യൂട്ടർ പ്രോഗ്രാമുകളുടെ ലോകത്തിൽ ദൈവത്തിന്റെ സന്പദ്വ്യവസ്ഥ പിന്തുടരാൻ മനുഷ്യനു കഴിയണമെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു.
റോമാ രൂപതയിൽ ഫ്രാൻസിസ് മാർപാപ്പയുടെ വികാരിജനറാളായ കർദിനാൾ ബല്ദസ്സാരെ റെയ്നയാണ് കൊളോസിയത്തിലെ കുരിശിന്റെ വഴിക്കു നേതൃത്വം നല്കിയത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇരുപതിനായിരം വിശ്വാസികൾ കുരിശും കത്തിച്ച മെഴുകുതിരികളുമായി ഭക്തിപൂർവം പങ്കെടുത്തു.
ദുഃഖവെള്ളിയിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പീഡാനുഭവശുശ്രൂഷയ്ക്ക് കർദിനാൾ ക്ലൗദിയോ ഗുജെരോത്തി മുഖ്യകാർമികത്വം വഹിച്ചു.