ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം; അനുശോചനസന്ദേശം പിൻവലിച്ച് ഇസ്രയേല്‍
Thursday, April 24, 2025 2:40 AM IST
ടെൽ അവീവ്: ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സന്ദേശം പിൻവലിച്ച ഇസ്രയേൽ നടപടി വിവാദമായി.
“ശാന്തമായി വിശ്രമിക്കൂ; ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന്റെ ഓർമ അനുഗ്രഹമായിത്തീരട്ടെ” എന്നായിരുന്നു ഇസ്രയേൽ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചത്.
ജറുസലെമിലെ വിലാപ മതിൽ സന്ദർശിച്ച മാർപാപ്പയുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ് പങ്കുവച്ചത്. എന്നാൽ അധികം വൈകാതെതന്നെ ഇസ്രയേൽ ഈ പോസ്റ്റ് പിൻവലിക്കുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്തിനാണ് അനുശോചന പോസ്റ്റ് പിൻവലിച്ചതെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഇസ്രയേലിനെതിരേ ഫ്രാൻസിസ് മാർപാപ്പ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും പിഴവു മൂലമാണ് അനുശോചനം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്നുമാണ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രേലി ദിനപത്രമായ ‘ജറുസലെം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തത്.
എന്നാൽ, ഔദ്യോഗികമായി ഇതേക്കുറിച്ചു പ്രതികരിക്കാൻ ഇസ്രയേൽ ഇതുവരെ തയാറായിട്ടില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മാർപാപ്പയുടെ നിര്യാണത്തിൽ ഇതുവരെ അനുശോചനം രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് വിശുദ്ധ നാട്ടിലും ലോകമെമ്പാടുമുള്ള ക്രൈസ്തവർക്കും അനുശോചനസന്ദേശം അയച്ചു. ഫ്രാൻസിസിനെ “ആഴത്തിലുള്ള വിശ്വാസവും അതിരുകളില്ലാത്ത കാരു ണ്യവുമുള്ള മനുഷ്യൻ” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.