അന്ത്യവിശ്രമം അമ്മയുടെ മടിയിൽ
Wednesday, April 23, 2025 2:11 AM IST
റോം: മരിയൻഭക്തിക്കു പുകൾപെറ്റ ഫ്രാൻസിസ് മാർപാപ്പ തന്റെ അന്ത്യവിശ്രമത്തിനായി തെരഞ്ഞെടുത്തത് റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളി. വത്തിക്കാൻ പുറത്തുവിട്ട ഫ്രാൻസിസ് മാർപാപ്പയുടെ ഒസ്യത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമായി നിർദേശിക്കുന്നുണ്ട്.
“എന്റെ ജീവിതകാലം മുഴുവൻ, പുരോഹിതനെന്ന നിലയിലും മെത്രാനെന്ന നിലയിലും എന്നെ ഞാൻ ദൈവമാതാവായ അനുഗൃഹീത കന്യാമറിയത്തിനു ഭരമേൽപ്പിച്ചിരുന്നു. അതിനാൽ പുനരുത്ഥാനം വരെ എന്റെ ഭൗതികദേഹം മാതാവിന്റെ വലിയ പള്ളിയിൽ വിശ്രമിക്കണമെന്ന് ഞാൻ നിർദേശിക്കുന്നു.
ഓരോ അപ്പസ്തോലിക പര്യടനത്തിന്റെ ആരംഭത്തിലും അവസാനത്തിലും ഞാൻ മുന്നിലെത്തി പ്രാർഥിക്കാറുള്ള, എന്റെ എല്ലാ ഉദ്യമങ്ങളും ഉറച്ച വിശ്വാസത്തോടെ ഭരമേൽപ്പിക്കുന്ന അമലോത്ഭവ മാതാവിന്റെ പുരാതന തീർഥാടനകേന്ദ്രത്തിൽ എന്റെ ഭൗതികയാത്ര അവസാനിക്കണമെന്നാണ് ആഗ്രഹം”- ഒസ്യത്തിൽ മാർപാപ്പ നിർദേശിക്കുന്നു.
റോമിലുള്ള നാലു മേജർ(പാട്രിയാർക്കൽ) ബസിലിക്കകളിൽ ഒന്നാണ് റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളി. പള്ളിയിൽ വണങ്ങപ്പെടുന്ന, വിശുദ്ധ ലൂക്കാ സുവിശേഷകൻ വരച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ‘റോമിന്റെ സംരക്ഷകയായ മറിയം’ എന്ന ചിത്രത്തോട് ഫ്രാൻസിസ് മാർപാപ്പ അഗാധഭക്തി പുലർത്തിയിരുന്നു.
2013ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് 24 മണിക്കൂറിനകം അദ്ദേഹം പള്ളിയിലെത്തി മാതാവിന്റെ ചിത്രത്തിനു മുന്നിൽ പ്രാർഥിച്ചു. ഓരോ വിദേശപര്യടനത്തിനു മുന്പും അദ്ദേഹം ചിത്രത്തിനു മുന്നിൽ പ്രാർഥിച്ച് തന്റെ ദൗത്യം മാതാവിനു ഭരമേൽപ്പിക്കുകയും മടങ്ങിയെത്തുന്പോൾ നന്ദി അറിയിക്കുകയും ചെയ്തു.
റോമിലെ ജെമെല്ലി ആശുപത്രിയിലെ 38 ദിവസത്തെ ചികിത്സയ്ക്കുശേഷം മാർച്ച് 23നു വത്തിക്കാനിലേക്കു മടങ്ങവേ അനാരോഗ്യം മൂലം പള്ളിയിൽ കയറാൻ കഴിയാതിരുന്ന മാർപാപ്പ, പള്ളിക്കു മുന്നിൽ കാർ നിർത്തി പ്രാർഥിച്ചു. ഓശാനഞായറിനു തൊട്ടുമുന്പ് ഏപ്രിൽ 12ന് ശനിയാഴ്ചയാണ് അദ്ദേഹം അവസാനമായി പള്ളിയിലെത്തി ചിത്രത്തിനു മുന്നിൽ പ്രാർഥിച്ചത്.
യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഉൾപ്പെട്ട വലിയപള്ളി മാതാവിന്റെ പേരിലുള്ള ഏറ്റവും വലിയ ബസിലിക്കകൂടിയാണ്.
വിശുദ്ധ ജോൺ ലാറ്ററൻ ആർച്ച് ബസിലിക്ക (റോമിന്റെ മെത്രാൻ എന്ന നിലയിൽ മാർപാപ്പയുടെ ആസ്ഥാനം), വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക (മാർപാപ്പയുടെ സിംഹാസനം), റോമിന്റെ മതിലുകൾക്കു പുറത്തുള്ള വിശുദ്ധ പൗലോസിന്റെ ബസിലിക്ക എന്നിവയാണ് മറ്റു പേപ്പൽ ബസിലിക്കകൾ.