സൗദി അറേബ്യയുടെ ‘ഉറങ്ങുന്ന രാജകുമാരന് ’ 36 വയസ്
Thursday, April 24, 2025 12:41 AM IST
ജിദ്ദ: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരന്’ എന്നറിയപ്പെടുന്ന അല്‍ വലീദ് ബില്‍ ഖാലിദ് ബിന്‍ തലാലിന് കഴിഞ്ഞദിവസം 36 വയസ് തികഞ്ഞു.
ലണ്ടനിലുണ്ടായ കാറപകടത്തെത്തുടർന്ന് 20 വർഷമായി ഇദ്ദേഹം കോമയിലാണ്. വെന്റിലേറ്റർ സഹായത്തോടെയാണു ജീവൻ നിലനിര്‍ത്തുന്നത്. 2019ല്‍ വിരലുകള്‍ പതിയെ ചലിക്കുകയും തല ചെറുതായി അനങ്ങുകയും ചെയ്തെങ്കിലും അതിനുശേഷം ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
ലോകത്തു ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും മികച്ച ചികിത്സയും പരിരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുന്ന കുടുംബത്തിലെ അംഗമാണ് അല്‍ വലീദ് രാജകുമാരന്. എന്നാല്‍ പണംകൊണ്ടു നേടാവുന്നതിലുമപ്പുറം എന്തോ ഒന്ന് വെല്ലുവിളിയായി ഇപ്പോഴും നില്ക്കുന്നു. ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില് ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ മകനാണ് ഇദ്ദേഹം.
2005ലാണ് അല്‍ വലീദ് രാജകുമാരന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. ലണ്ടനിലെ സൈനിക കോളജില്‍ പഠിക്കുന്ന കാലത്താണ് അദ്ദേഹത്തിന് കാറപകടമുണ്ടായത്. തുടര്‍ന്ന് കോമയിലാകുകയായിരുന്നു. റിയാദിലെ കിംഗ് അബ്ദുൾ അസീസ് മെഡിക്കല്‍ സിറ്റിയിൽ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മുഴുവൻസമയ നിരീക്ഷണത്തിലാണ് രാജകുമാരൻ കഴിയുന്നത്. ട്യൂബ് വഴിയാണു ഭക്ഷണം നല്‍കുന്നത്. വെന്റിലേറ്ററില്‍നിന്നു മാറ്റിയാല്‍ മരണം സംഭവിച്ചേക്കാം.
ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പറ്റാത്തവിധം പരിക്കേറ്റുവെന്ന് ബോധ്യമായ വേളയില്‍ വെന്റിലേറ്ററില്‍നിന്നു നീക്കാന്‍ ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിതാവ് തടഞ്ഞു. മെഡിക്കൽ ലോകം പ്രതീക്ഷ കൈവിട്ടെങ്കിലും വിട്ടുകൊടുക്കാൻ രാജകുടുംബം തയാറായില്ല.