പാക്കിസ്ഥാനിൽ ഹിന്ദു മന്ത്രിക്കു നേരേ ആക്രമണം
Monday, April 21, 2025 1:49 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹിന്ദു മന്ത്രി ഖിയാൽ ദാസ് കോഹിസ്ഥാനിക്കു നേർക്ക് ആക്രമണം. പുതിയ കനാലുകൾ നിർമിക്കുന്നതിനെതിരേ നടന്ന പ്രതിഷേധ റാലിക്കിടെയാണ് മന്ത്രിയെ ഒരു സംഘം ആളുകൾ ആക്രമിച്ചത്. പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് നേതാവാണ് കോഹിസ്ഥാനി.
ശനിയാഴ്ച മോട്ടോർസൈക്കിളിൽ പോകവേയാണ് പ്രതിഷേധക്കാർ മന്ത്രിക്കു നേരേ തക്കാളിയും ഉരുളക്കിഴങ്ങും എറിഞ്ഞത്. മന്ത്രിക്കു പരിക്കില്ല. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് മന്ത്രി ഖിയാൽ ദാസ് കോഹിസ്ഥാനിയെ വിളിച്ച് വിവരങ്ങൾ തിരക്കി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്കി. മന്ത്രി കോഹിസ്ഥാനിക്കു നേർക്കുണ്ടായ ആക്രമണത്തെ സിന്ധ് മുഖ്യമന്ത്രി സയിഗ് മുറാദ് അലി ഷാ അപലപിച്ചു. സിന്ധിലെ ജാംഷോരോ ജില്ലക്കാരനായ കോഹിസ്ഥാനി 2018ലാണ് ആദ്യമായി പാർലമെന്റ് അംഗമായത്.