അനാരോഗ്യത്തിലും തടവുകാരെ മറക്കാതെ മാർപാപ്പ
Sunday, April 20, 2025 12:40 AM IST
റോം: അനാരോഗ്യം മൂലം പെസഹാവ്യാഴത്തിലെ കാൽകഴുകൾ ശുശ്രൂഷ ഒഴിവാക്കിയെങ്കിലും റോമിലെ റെജീന ചേലി തടവറ സന്ദർശനം മുടക്കാൻ ഫ്രാൻസിസ് മാർപാപ്പ തയാറായില്ല. തടവുകാർ ആർപ്പുവിളികളോടെയാണ് മാർപാപ്പയെ വരവേറ്റത്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള, വിവിധ പ്രായക്കാരായ 70 തടവുകാരുമായി അദ്ദേഹം നേരിട്ടു കൂടിക്കാഴ്ച നടത്തി. ഓരോ തടവുകാരനെയും മാർപാപ്പ നേരിട്ടു കണ്ടു. ചിലർ മാർപാപ്പയോടു സംസാരിച്ചു. ചിലർ മുട്ടുകുത്തി അദ്ദേഹത്തിന്റെ കൈകളിൽ ചുംബിച്ചു.
“പെസഹാവ്യാഴത്തിൽ തടവറയിലെത്തി ഈശോയെപ്പോലെ കാൽ കഴുകണമെന്നാണ് എന്നും എന്റെ ആഗ്രഹം. ഈ വർഷം എന്നെക്കൊണ്ടതിനു പറ്റില്ല. പക്ഷേ നിങ്ങൾക്കൊപ്പമുണ്ടായിരിക്കണമെന്ന് ഞാൻ കരുതി. നിങ്ങളുടെ കുടുംബത്തിനുവേണ്ടി ഞാൻ പ്രാർഥിക്കുന്നു” - മാർപാപ്പ പറഞ്ഞു. ജയിൽ ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തിയ മാർപാപ്പ അരമണിക്കൂറിനുശേഷം വത്തിക്കാനിലേക്കു മടങ്ങി.
അടിമച്ചർത്തപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ചേർത്തുനിർത്തുന്ന ഫ്രാൻസിസ് മാർപാപ്പ 2013ൽ സ്ഥാനമേറ്റെടുത്തതു മുതൽ ഈ തടവറയിലാണ് കാൽകഴുകൽ ശുശ്രൂഷ നിർവഹിക്കുന്നത്.