വെടിനിർത്തൽ ലംഘിച്ചതായി റഷ്യയും യുക്രെയ്നും
Monday, April 21, 2025 1:49 AM IST
മോസ്കോ: റഷ്യയും യുക്രെയ്നും ഈസ്റ്റർ വെടിനിർത്തൽ ലംഘിച്ചതായി പരസ്പരം ആരോപിച്ചു. കഴിഞ്ഞദിവസം റഷ്യൻ പ്രസിഡന്റ് പുടിനാണ് ഈസ്റ്ററിനോടനുബന്ധിച്ച് 30 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇതു പാലിക്കാമെന്നു യുക്രെയ്നും പിന്നാലെ അറിയിച്ചു.
എന്നാൽ, വെടിനിർത്തൽ സമയത്ത് ആക്രമണം നേരിട്ടതായി ഇരു വിഭാഗവും ഇന്നലെ അറിയിച്ചു. യുദ്ധമുന്നണിയിൽ റഷ്യൻ സേന പലവട്ടം ആക്രമണം നടത്തിയെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. വെടിനിർത്തലിന്റെ ആദ്യ ആറു മണിക്കൂറിനുള്ളിൽ 387 തവണ ഷെല്ലിംഗും 290 തവണ ഡ്രോൺ ആക്രമണവും ഉണ്ടായി. റഷ്യൻ സേന ആക്രമണത്തിന്റെ തീവ്രത കുറച്ചെങ്കിലും ആക്രമണം നിർത്തിയിട്ടില്ലെന്നു യുക്രെയ്ൻ സേനഅറിയിച്ചു.
യുക്രെയ്ൻസേനയും വെടിനിർത്തൽ പാലിച്ചില്ലെന്നു റഷ്യ പറഞ്ഞു. യുക്രെയ്ൻ സേന റഷ്യൻ സൈനികർക്കു നേരേ 444 തവണ വെടിയുതിർത്തു. റഷ്യൻ നിയന്ത്രണത്തിലുള്ള ഡോണറ്റ്സ്ക് മേഖലയിൽ മൂന്നു സ്ഫോടനങ്ങളുണ്ടായി.