രാജവാഴ്ച വേണം: നേപ്പാളിൽ ആർപിപി മാർച്ച്
Monday, April 21, 2025 3:23 AM IST
കാഠ്മണ്ഡു: രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി (ആർപിപി) പ്രവർത്തകർ മാർച്ച് നടത്തി. പ്രധാനമന്ത്രിയുടെ വസതിയും പാർലമെന്റും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലായിരുന്നു മാർച്ച് നടന്നത്.
രാജവാഴ്ച പുനഃസ്ഥാപിക്കുക,. നേപ്പാളിനെ ഹിന്ദുരാജ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു 1500ലേറെ ആർപിപി പ്രവർത്തകർ പാർട്ടി ചെയർമാൻ രാജേന്ദ്ര ലിംഗ്ഡെനിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. മുതിർന്ന നേതാക്കളായ ഷംഷേർ റാണ, മുൻ പോലീസ് ഐജി ധ്രുബ ബഹാദൂർ പ്രധാൻ എന്നിവരും മാർച്ചിൽ പങ്കെടുത്തു.
ആയിരക്കണക്കിനു പോലീസുകാരെ വിന്യസിച്ചിരുന്നു. ഇന്നലെ നടന്ന പ്രകടനം സമാധാനപരമായിരുന്നു. പ്രവേശനം നിഷേധിക്കപ്പെട്ട മേഖലയിലേക്കു പ്രവേശിച്ചത് ആർപിപി ചെയർമാൻ ഉൾപ്പെടെ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു.