ഗാസയിൽ വെടിനിർത്തണം, ബന്ദികളെ വിട്ടയയ്ക്കണം: മാർപാപ്പ
Monday, April 21, 2025 1:49 AM IST
വത്തിക്കാൻ സിറ്റി: ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്നും ബന്ദികളെ വിട്ടയയ്ക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. സമാധാനം സാധ്യമാണെന്ന നാം ഓരോരുത്തരുടെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഈസ്റ്റർദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ഈസ്റ്റർ ദിനത്തിലെ ഊർബി എത് ഓർബി - നഗരത്തിനും ലോകത്തിനുമായുള്ള - ആശീർവാദ സന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്. വിശ്രമത്തിലായതിനാൽ മാർപാപ്പ ആശീർവാദം മാത്രമാണ് നൽകിയത്. ആർച്ച്ബിഷപ് ദിയേഗോ റാ വെല്ലിയാണ് സന്ദേശം വായിച്ചത്.
""ഇസ്രയേലിലും പലസ്തീനിലുമുള്ള ക്രൈസ്തവർക്കു പുറമേ, അവിടങ്ങളിലുള്ള മുഴുവൻ ജനതയുടെയും കഷ്ടതകളോടു ഞാൻ ചേർന്നു നിൽക്കുന്നു. ലോകത്ത് കരുത്താർജിക്കുന്ന ജൂതവിരുദ്ധത ആശങ്കപ്പെടുത്തുന്നതാണ്. അതേസമയം, ഗാസയിലെ ജനങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് അവിടത്തെ ക്രൈസ്തവരെക്കുറിച്ചും ഞാൻ ചിന്തിക്കുന്നു. പോരടിക്കുന്ന വിഭാഗങ്ങളോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം. ബന്ദികളെ വിട്ടുനൽകുക, വെടിനിർത്തൽ പ്രഖ്യാപിക്കുക, സമാധാനം ആഗ്രഹിക്കുന്ന പട്ടിണിക്കാരുടെ രക്ഷയ്ക്കെത്തുക’’, മാർപാപ്പ പറഞ്ഞു.
യുദ്ധം തകർത്തെറിഞ്ഞ യെമൻ, യുക്രെയ്ൻ എന്നീ രാജ്യങ്ങളിലെ ജനങ്ങളെയും ലബനോൻ, സിറിയ എന്നിവിടങ്ങളിലെ ക്രൈസ്തവ സമൂഹങ്ങളെയും പ്രാർഥനകളിൽ ഓർക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. കൂടാതെ അർമേനിയയും അസർബൈജാനും തമ്മിലുള്ള സമാധാന ഉടന്പടി എത്രയും വേഗം ഒപ്പുവച്ചു നടപ്പാക്കാൻ കഴിയട്ടെയെന്നും അതിനായി പ്രാർഥിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മ്യാൻമറിലെ ഭൂകന്പത്തിൽ ജീവൻ വെടിഞ്ഞവരെയും മാർപാപ്പ തന്റെ പ്രസംഗത്തിൽ ഓർമിച്ചു. മതസ്വാതന്ത്ര്യം, ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, മറ്റുള്ളവരുടെ അഭിപ്രായങ്ങളോടുള്ള ബഹുമാനം എന്നിവ കൂടാതെ സമാധാനം സാധ്യമല്ല. കത്തോലിക്കരും ഓർത്തഡോക്സ് വിശ്വാസികളും ഒരേ ദിവസം ഈസ്റ്റർ ആഘോഷിക്കുന്ന ജറൂസലെമിലെ തിരുവു ത്ഥാനത്തിന്റെ ദേവാലയത്തിൽനിന്നു സമാധാനവെളിച്ചം വിശുദ്ധനാട്ടിലും ലോകത്തുടനീളവും പരക്കട്ടെയെന്നും പാപ്പ സന്ദേശത്തിൽ ആശംസിച്ചു.