നൈജീരിയയിൽ 56 പേർ കൊല്ലപ്പെട്ടു
Monday, April 21, 2025 1:49 AM IST
ലാഗോസ്: നൈജീരിയയിൽ കാലികളെ മേയ്ച്ചു ജീവിക്കുന്ന ഫുലാനി ഗോത്രവിഭാഗം കർഷകർക്കു നേർക്കു നടത്തിയ ആക്രമണത്തിൽ 56 പേർ കൊല്ലപ്പെട്ടു.
സെൻട്രൽ നൈജീരിയയിൽ ബെന്യൂ സംസ്ഥാനത്തെ രണ്ടു സ്ഥലങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു ആക്രമണം. ആയുധധാരികളായ ഫുലാനികൾ രണ്ടുസ്ഥലത്തും അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നുവെന്നു പോലീസ് വക്താവ് അനീൻ കാതറീൻ അറിയിച്ചു. ഇരു സ്ഥലങ്ങളിലും സുരക്ഷാസേനയെ വിന്യസിച്ചു.
നാടോടികളായ ഫുലാനികളിലെ ഭൂരിഭാഗവും ഇസ്ലാം വിശ്വാസികളാണ്; കർഷകരിലെ ഭൂരിഭാഗം ക്രൈസ്തവരും. ഭൂമിയെച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ നടക്കുന്ന സംഘർഷത്തിൽ നൂറുകണക്കിനു പേർ കൊല്ലപ്പെട്ടിട്ടുണ്ട്.