റഷ്യ-യുക്രെയ്ൻ സംഘർഷം: ലണ്ടൻ ചർച്ചകൾ റദ്ദാക്കി
Thursday, April 24, 2025 12:41 AM IST
കീവ്: റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ഉയർന്ന യുഎസ്, ബ്രിട്ടീഷ്, ഫ്രഞ്ച്, യുക്രെയ്ൻ നയതന്ത്രജ്ഞരുടെ നേതൃത്വത്തിൽ ലണ്ടനിൽ നടത്താനിരുന്ന യോഗം അവസാനനിമിഷം റദ്ദാക്കി. വിലപേശലുകൾ സത്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതോടെ ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ യുകെയിലേക്കുള്ള യാത്ര ഒഴിവാക്കി.
തുടർന്ന് അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ജൂണിയർ ഉദ്യോഗസ്ഥർ മാത്രം പങ്കെടുക്കുന്ന യോഗമായി ഇത് മാറുമെന്ന അറിയിപ്പുണ്ടായി. എന്നിരുന്നാലും ഡേവിഡ് ലാമി, ജോൺ ഹീലി എന്നിവരുമായി ചർച്ച നടത്തുന്നതിനായി യുക്രെയ്നിന്റെ വിദേശകാര്യ-പ്രതിരോധ മന്ത്രിമാർ ലണ്ടനിലേക്ക് യാത്ര ചെയ്തു.
തങ്ങൾ റഷ്യക്കും യുക്രെയ്നിനും മുന്നിൽ ഒരു കൂട്ടം നിർദേശങ്ങൾ വച്ചിട്ടുണ്ടെന്നും ഇത് അംഗീകരിച്ചില്ലെങ്കിൽ യുഎസ് ചർച്ചയിൽനിന്നു പിന്മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് വളരെ ന്യായമായ നിർദേശങ്ങളാണെന്നാണ് വാൻസ് പറഞ്ഞത്.
ഇരുരാജ്യങ്ങളും അതിർത്തിരേഖയുടെ കാര്യത്തിൽ നിലവിലെ സ്ഥിതി അംഗീകരിക്കുക എന്നതടക്കമുള്ള നിർദേശങ്ങളാണിവ. എന്നാൽ റഷ്യക്കു തങ്ങളുടെ ഭൂമി വിട്ടുകൊടുത്തുകൊണ്ടുള്ള സമാധാന നീക്കം രണ്ട് ദിവസം മുൻപ് തന്നെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി തള്ളിക്കളഞ്ഞിരുന്നു.
യുഎസുമായി ഇപ്പോഴും ആശയവിനിമയം നടത്തുന്നുണ്ടെന്നും യുഎസിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് ഈയാഴ്ച വീണ്ടും റഷ്യ സന്ദർശിക്കുമെന്നും റഷ്യൻ അധികൃതർ പറയുന്നു. അതേസമയം, ഇന്നലെ റഷ്യയുടെ ഡ്രോൺ പതിച്ച് കിഴക്കൻ യുക്രെയ്നിലെ ഒൻപത് ബസ് യാത്രക്കാർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്.