ട്രംപിനെതിരേ ജനം തെരുവിൽ
Monday, April 21, 2025 1:49 AM IST
ന്യൂയോർക്ക്: അമേരിക്കയിൽ ഡോണൾഡ് ട്രംപ് വിരുദ്ധ പ്രക്ഷോഭം കനക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ വിവിധ നയങ്ങൾക്കെതിരേ ശനിയാഴ്ച അമേരിക്കയിലെങ്ങും ആയിരങ്ങൾ പ്രതിഷേധിച്ചു. നാടുകടത്തൽ, പ്രധാന വകുപ്പുകളുടെ അടച്ചുപൂട്ടൽ, ജീവനക്കാരെ പുറത്താക്കൽ, സർവകലാശാലകളിലും മറ്റും പ്രതിഷേധങ്ങളെ അടിച്ചമർത്തൽ തുടങ്ങിയവയിൽ പ്രതിഷേധിച്ചാണ് അമേരിക്കൻ ജനത തെരുവിലിറങ്ങിയത്. സമാധാനപരമായ പ്രകടനങ്ങളാണ് എല്ലായിടത്തും നടന്നത്.
50 പ്രതിഷേധങ്ങൾ, 50 സംസ്ഥാനങ്ങൾ, ഒരു മുന്നേറ്റം എന്ന അർഥത്തിൽ ‘50501’എന്ന പേരിലാണ് പ്രതിഷേധം അരങ്ങേറിയത്. അമേരിക്കൻ വിപ്ലവയുദ്ധത്തിന്റെ 250-ാം വാർഷികത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു പ്രതിഷേധം.
വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, ഷിക്കാഗോ, സാൻഫ്രാൻസിസ്കോ, ബോസ്റ്റൺ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ജനം ട്രംപിനെതിരേ പ്രതിഷേധിച്ചു. വൈറ്റ് ഹൗസിനു മുന്നിലൂടെയും പ്രതിഷേധക്കാർ മാർച്ച് നടത്തി. ‘അമേരിക്കയിൽ രാജാക്കന്മാർ വേണ്ട’, സ്വേച്ഛാധിപത്യത്തെ ചെറുക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധം നടന്നത്. എൽസാൽവദോറിലേക്ക് തെറ്റായി നാടുകടത്തപ്പെട്ട കിൽമർ അബ്രെഗോ ഗാർസിയയെ തിരിച്ചുകൊണ്ടുവരണമെന്നു പ്രതിഷേധക്കാർ ആവശ്യമുന്നയിച്ചു.
ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് ഇലോൺ മസ്കിനെതിരേയും പ്രതിഷേധമുണ്ടായി. ടെസ്ല കാർ ഡീലർഷിപ്പുകൾക്കു പുറത്തായിരുന്നു മസ്കിനെതിരേ ജനക്കൂട്ടം പ്രതിഷേധിച്ചത്.
രണ്ടാഴ്ച മുന്പ് ട്രംപിനെതിരേ സമാനമായ പ്രതിഷേധം അമേരിക്കയിൽ നടന്നിരുന്നു. ഹാൻഡ്സ് ഓഫ് എന്ന പേരിലായിരുന്നു അന്ന് പതിനായിരങ്ങൾ തെരുവിറങ്ങിയത്.