പ്രധാനമന്ത്രിക്ക് സൗദിയിൽ ഊഷ്മള സ്വീകരണം
Wednesday, April 23, 2025 2:11 AM IST
ജിദ്ദ: പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ സുപ്രധാനമായ ആറ് കരാറുകളിൽ ഒപ്പിടും. ഇന്ത്യൻ തീർഥാടകരുടെ ഹജ്ജ് ക്വാട്ട വർധിപ്പിക്കുന്നതുൾപ്പെടെ വിഷയങ്ങളിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
ബഹിരാകാശം, ഊർജം, ആരോഗ്യം, ശാസ്ത്ര ഗവേഷണം, സാംസ്കാരികം തുടങ്ങിയ മേഖലകളിലായിരിക്കും കരാറുകൾ എന്നാണ് സൂചന.
ദ്വിദിന സന്ദർശനത്തിനായി ഇന്നലെ ജിദ്ദയിലെത്തിയ പ്രധാനമന്ത്രിക്ക് ഉജ്വല സ്വീകരണമാണ് സൗദി ഒരുക്കിയത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണപ്രകാരമാണു പ്രധാനമന്ത്രിയുടെ സന്ദർശനം. സൗദി വ്യോമാതിര്ത്തിയില്വച്ച് പ്രധാനമന്ത്രി സഞ്ചരിച്ച വിമാനത്തെ സൗദി വ്യോമസേനയുടെ എഫ് 15 വിമാനങ്ങള്‍ അനുഗമിച്ചു.
തുടർന്ന് ജിദ്ദ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ 21 ഗണ്‍ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. "ഏ വതന്‍' എന്ന ഗാനത്തിന്റെ അകന്പടിയോടെയായിരുന്നു സ്വീകരണം.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദം ഈ സന്ദര്‍ശനം ശക്തിപ്പെടുത്തുമെന്ന് ജിദ്ദയിൽ എത്തിയ വിവരം അറിയിച്ച് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്, വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി, ജിദ്ദ ഗവര്‍ണറേറ്റ് മേയര്‍ സാലിഹ് ബിന്‍ അലി അല്‍തുര്‍ക്കി തുടങ്ങിയ പ്രമുഖർ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.