ഗാസയിൽ 26 പേർ കൊല്ലപ്പെട്ടു
Friday, April 25, 2025 1:44 AM IST
കയ്റോ: ഇസ്രേലി സേന ഇന്നലെ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 26 പേർ കൊല്ലപ്പെട്ടു. ജബലിയയിലെ പോലീസ് സ്റ്റേഷനു നേർക്കുണ്ടായ വ്യോമാക്രമണത്തിലാണ് പത്തു പേരുടെ മരണം.
അതേസമയം ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകരവാദികളുടെ കമാൻഡ് സെന്റർ ലക്ഷ്യമിട്ടാണു ജബലിയയിൽ ആക്രമണം നടത്തിയതെന്ന് ഇസ്രേലി സേന വിശദീകരിച്ചു. ഭീകരർ ഗാസയിലെ സിവിലിയൻ ആസ്ഥാനങ്ങൾ ദുരുപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും സേന ആവശ്യപ്പെട്ടു.
ഗാസയിലുടനീളമുണ്ടായ മറ്റ് ആക്രമണങ്ങളിൽ ദന്പതികളും നാലു കുട്ടികളും അടക്കം 16 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു.
ഇസ്രേലി സേന മാർച്ച് 18ന് ആക്രമണം പുനരാരംഭിച്ചശേഷം മാത്രം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1900ത്തിനു മുകളിലായി. വെടിനിർത്തലിനായി അമേരിക്ക, ഈജിപ്ത്, ഖത്തർ രാജ്യങ്ങളുടെ മധ്യസ്ഥതതയിൽ ശ്രമം നടക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.