ഫ്രാൻസിസ് പാപ്പാ ദിവംഗതനായി
Tuesday, April 22, 2025 2:59 AM IST
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി. അദ്ദേഹത്തിന് 88 വയസായിരുന്നു. സംസ്കാരം പിന്നീട് നടക്കും. ഇറ്റാലിയൻ സമയം ഇന്നലെ രാവിലെ 7.35 (ഇന്ത്യൻ സമയം 11.05) നായിരുന്നു അന്ത്യം.
കത്തോലിക്കാ സഭയുടെ കമർലെങ്കോ കർദിനാൾ കെവിൻ ഫാരെൽ ആണു മരണവിവരം അറിയിച്ചത്. “ഇന്നു രാവിലെ 7.35ന്, റോമിന്റെ മെത്രാനായ ഫ്രാൻസിസ്, പിതാവിന്റെ ഭവനത്തിലേക്കു മടങ്ങി’’- കർദിനാൾ ഫാരെൽ വീഡിയോ സന്ദേശത്തിൽ അറിയിച്ചു. മാർപാപ്പയുടെ നിര്യാണത്തിനുശേഷം ചുമതല വഹിക്കുന്നയാളാണ് കമർലെങ്കോ.
മാർപാപ്പ നിത്യതയിലേക്കു മടങ്ങിയയുടൻ റോമിലെ പള്ളിമണികൾ മുഴങ്ങി. മാർപാപ്പമാർ കാലം ചെയ്താൽ മരണം സ്ഥിരീകരിക്കുന്ന സ്വകാര്യ ചടങ്ങ് വത്തിക്കാനിലെ മാർപാപ്പയുടെ വസതിയായ സാന്താ മാർത്തയിൽ തിങ്കളാഴ്ച വൈകുന്നേരം നടന്നു. മാർപാപ്പയുടെ നിര്യാണത്തിൽ ഒന്‍പതു ദിവസത്തെ ദുഃഖാചരണം നടത്തും. മാർപാപ്പയുടെ ഭൗതികദേഹം ഇന്ന് സാന്താ മാർത്ത ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും.
തുടർന്ന് ബുധനാഴ്ച പൊതുജനങ്ങൾക്കായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനമുണ്ടാകും. ബുധനാഴ്ച ചേരുന്ന കർദിനാൾമാരുടെ യോഗമാണു സംസ്കാരമടക്കമുള്ള കാര്യങ്ങളെപ്പറ്റി തീരുമാനിക്കുക. സംസ്കാരശേഷമാകും പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ചേരുക.
ലളിതജീവിതവും പതിതാനുകന്പയും സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധതയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖമുദ്രയായിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഇസ്രയേൽ-ഹമാസ് യുദ്ധത്തിലും ധീര നിലപാടുകളുമായി ഇരകൾക്കൊപ്പം നിലകൊണ്ടയാളാണ് ഫ്രാൻസിസ് മാർപാപ്പ.
ഫെബ്രുവരി 14നാണ് ശ്വാസതടസത്തെത്തുടർന്ന് മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധിച്ച മാർപാപ്പ 38 ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് വത്തിക്കാനിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. മരിക്കുന്നതിന്റെ തലേന്ന് ഈസ്റ്റർദിനത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ ഇരുന്നുകൊണ്ട് മാർപാപ്പ വിശ്വാസികൾക്ക് ആശീർവാദം നല്‍കിയിരുന്നു.
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് ചേർന്ന കോണ്‍ക്ലേവ് 2013 മാര്‍ച്ച് 13നാണ് കര്‍ദിനാള്‍ ഹൊർഹെ മരിയോ ബെര്‍ഗോളിയോയെ ആഗോള കത്തോലിക്കാ സഭയുടെ 266-ാം പരമാധ്യക്ഷനായി തെരഞ്ഞെടുത്തത്. തുടർന്ന് വിശുദ്ധ ഫ്രാൻസിസ് അസീസിയെ അനുസ്മരിച്ച് ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച് മാർച്ച് 19ന് യൗസേപ്പ് പിതാവിന്റെ തിരുനാൾദിനത്തിൽ സ്ഥാനമേറ്റു. അന്ന് അദ്ദേഹത്തിന് എഴുപത്തിയാറു വയസായിരുന്നു. ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം; ഈശോസഭയില്നിന്നു മാർപാപ്പയായ ആദ്യത്തെയാളും.
ഇറ്റാലിയന്‍ കുടിയേറ്റക്കാരുടെ മകനായി അര്‍ജന്റീനയിലെ ബുവേനോസ് ആരീസില്‍ 1936 ഡിസംബര്‍ 17നാണ് ഹൊർഹെ മരിയോ ബെര്‍ഗോളിയോ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ജനിച്ചത്. മരിയോ ബെര്‍ഗോളിയോയും റജീന സിവോരിയുമാണു മാതാപിതാക്കള്‍.
1969ല്‍ ഈശോസഭാംഗമായി വൈദികപട്ടം സ്വീകരിച്ചു. 1998 ഫെബ്രുവരി 28ന് ബുവേനോസ് ആരിസിന്റെ ആർച്ച്ബിഷപ്പായി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ 2001 ഫെബ്രുവരി 21ന് ആര്‍ച്ച്ബിഷപ് ഹൊർഹെ ബെര്‍ഗോളിയോയെ കര്‍ദിനാള്‍പദവിയിലേക്ക് ഉയര്‍ത്തി.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ ലോകമെങ്ങും അനുശോചനപ്രവാഹമാണ്. വിവിധ രാജ്യങ്ങളിലെ ദേവാലയങ്ങളിൽ പ്രാർഥനയുമായി ലക്ഷക്കണക്കിനു വിശ്വാസികൾ ഒത്തുചേർന്നു.
വിവിധ രാജ്യങ്ങളിൽനിന്നു കർദിനാൾമാർ റോമിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മാര്‍പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനായി വിവിധ രാജ്യങ്ങളുടെ തലവന്മാര് എത്തിത്തുടങ്ങി. ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്ര സർക്കാർ രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.