ഹിന്ദു നേതാവിന്റെ കൊലപാതകം: ഇന്ത്യയുടെ ആരോപണം തള്ളി ബംഗ്ലാദേശ്
Wednesday, April 23, 2025 1:00 AM IST
ധാക്ക: ഹിന്ദു മതനേതാവിന്റെ കൊലപാതകം ന്യൂനപക്ഷങ്ങൾക്കെതിരായ ആസൂത്രിത പീഡനത്തിന്റെ ഭാഗമാണെന്ന ഇന്ത്യയുടെ ആരോപണം തള്ളി ബംഗ്ലാദേശ്.
ഭാബേഷ് ചന്ദ്ര റോയിയുടെ കൊലപാതകം ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആസൂത്രിത പീഡനത്തിന്റെ ഭാഗമാണെന്നു വിശേഷിപ്പിച്ചത് ദൗർഭാഗ്യകരമാണെന്ന് ബംഗ്ലാ ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കെതിരേ സർക്കാർ സ്പോൺസേഡ് വിവേചനം കാണിക്കുന്ന രാജ്യമല്ല ബംഗ്ലാദേശ്. ഒരാളുടെയും മതം പരിഗണിക്കാതെ എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ ബംഗ്ലാദേശ് സംരക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഭാബേഷ് ചന്ദ്ര റോയിയുടെ കൊലപാതകത്തെ ഇന്ത്യ അപലപിക്കുകയും, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റാൻ ധാക്കയിലെ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തതിനു ദിവസങ്ങൾക്ക് ശേഷമാണ് പ്രതികരണം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വടക്കൻ ബംഗ്ലാദേശിലെ ബസുദേബ്പുർ ഗ്രാമവാസിയായ ഭാബേഷ് ചന്ദ്ര റോയിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്നു ഭാബേഷിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു ബന്ധുക്കൾ പറയുന്നു.