ബില്ലുകളിൽ സമയപരിധി: പുനഃപരിശോധനാ ഹർജിക്ക് കേന്ദ്രം
സ്വന്തം ലേഖകൻ
Monday, April 14, 2025 2:43 AM IST
ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരേ കേന്ദ്രസർക്കാർ പുനഃപരിശോധനാ ഹർജി നൽകിയേക്കും. സുപ്രീംകോടതിയിൽ ഹർജി നൽകുന്നതിനായി ആഭ്യന്തരമന്ത്രാലയം നീക്കം തുടങ്ങിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്വാഭാവിക നടപടിയനുസരിച്ച് ഒരു വിഷയത്തിൽ ഉത്തരവിട്ട അതേ ബെഞ്ചിന്റെ മുന്പാകെ അടഞ്ഞ കോടതിയിലായിരിക്കും പുനഃപരിശോധനാ ഹർജി കേൾക്കുക. വിധി പ്രസ്താവിച്ച ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ മുന്പാകെ അടഞ്ഞ കോടതിയായിരിക്കും വിഷയം പരിഗണിക്കുക. തുറന്ന കോടതിയിൽ വിഷയം പരിഗണിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രം അപേക്ഷ സമർപ്പിച്ചാലും ഇതേ ബെഞ്ച് തന്നെയായിരിക്കും തീരുമാനമെടുക്കുക.

ഇത്തരമൊരു സമയപരിധി ഭരണഘടനയിൽപ്പോലും നിഷ്കർഷിച്ചിട്ടില്ലെന്നും ഭരണഘടനാപരമായ വിഷയത്തിൽ രണ്ടംഗ ബെഞ്ചിന് എങ്ങനെ വിധി പുറപ്പെടുവിക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടി വിഷയം ഭരണഘടനാബെഞ്ചിനു കൈമാറണമെന്നും കേന്ദ്രം ആവശ്യപ്പെട്ടേക്കും. ഭരണഘടനയിൽപോലും നിഷ്കർഷിച്ചിട്ടില്ലാത്ത ഒരു കാര്യം എങ്ങനെ വിധിന്യായത്തിൽ എഴുതിച്ചേർക്കാൻ കഴിയുമെന്നും സർക്കാർ ചോദിക്കുന്നു. ഭരണഘടനയിൽ ഭേദഗതി കൊണ്ടുവരാനുള്ള അധികാരം പാർലമെന്റിനു മാത്രമാണ്. പാർലമെന്റിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് വിധിന്യായമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടാനാണ് കേന്ദ്രത്തിന്റെ നീക്കം.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ പിടിച്ചുവയ്ക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്ത തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നുള്ള വിധിയിലാണ് സുപ്രീംകോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. രാഷ്ട്രപതിയുടേതടക്കം സമയപരിധിയിൽ ഒരു കോടതിക്ക് എങ്ങനെ കടന്നുകയറി വിധി പുറപ്പെടുവിക്കാനാകുമെന്ന ചോദ്യവും കേന്ദ്രത്തിനു മുന്നിലുണ്ട്.
ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്തമാണ്. ബില്ലുകളിന്മേൽ തീരുമാനമെടുക്കുന്നതിന് പല കാര്യങ്ങളും പരിഗണിക്കേണ്ടതായി വരും. അപ്പോൾ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾകൂടി പരിഗണിക്കേണ്ടതായി വരും. സംസ്ഥാനങ്ങളിലെ സാഹചര്യംപോലും പരിഗണനാവിഷയമാക്കാതെയാണു സുപ്രീംകോടതി അത്തരത്തിലുള്ള ഒരു നിലപാടിൽ എത്തിച്ചേർന്നതെന്നും ചൂണ്ടിക്കാട്ടിയേക്കാം.
ഭരണഘടനയനുസരിച്ച് ബില്ല് തിരികെ അയച്ചുകഴിഞ്ഞാൽ, അല്ലെങ്കിൽ രാഷ്ട്രപതി തടഞ്ഞുവച്ചാൽ പിന്നീട് ബില്ല് കാലഹരണപ്പെടും. നിയമസഭ ആഗ്രഹിക്കുന്നതുപോലെ, ഭേദഗതികളോടെ പാസാക്കുന്നതിനായി അതു നിയമസഭയിൽ വീണ്ടും അവതരിപ്പിക്കേണ്ടതുണ്ട്. സുപ്രീംകോടതിയുടെ വിധിന്യായം ഈ വസ്തുത പരിഗണിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ അയച്ചാൽ രാഷ്ട്രപതി മൂന്നു മാസത്തിനുള്ളിൽ അതിൽ തീരുമാനമെടുക്കണമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയത്. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാനസർക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും സുപ്രീംകോടതിയുടെ ഉത്തരവിൽ പറയുന്നു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അതു കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇതാദ്യമായാണു നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് കോടതി സമയപരിധി നിശ്ചയിക്കുന്നത്. ഗവർണർമാർ അയയ്ക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഭരണഘടനയുടെ 201-ാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്. എന്നാൽ സമയപരിധിയെക്കുറിച്ച് പറയുന്നില്ല. കൃത്യമായ സമയത്തിനുള്ളിൽ ഒരു ഭരണഘടനാസ്ഥാപനം തീരുമാനമെടുത്തില്ലെങ്കിൽ അതു കോടതിയിൽ ചോദ്യം ചെയ്യാമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എന്നാൽ, തമിഴ്നാട് ഗവർണർ ആർ.എൻ. രവി തടഞ്ഞുവച്ച ബില്ലുകൾ കോടതിയുടെ ഉത്തരവ് വന്നതോടെ ഇതിനോടകം നിയമമായി മാറി. അതിനാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് കൂടുതലൊന്നും ചെയ്യാൻ സാധിക്കില്ല. ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർമാർ വൈകുന്നതിനെതിരേ കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജികളിലുള്ള കോടതിനിലപാടും നിർണായകമാകും.