തുടർച്ചയായ മൂന്നാം ദിവസവും തഹാവൂർ റാണയെ ചോദ്യംചെയ്ത് എൻഐഎ
Monday, April 14, 2025 2:43 AM IST
മുംബൈ: മുംബൈ ഭീകരാക്രമണത്തിലെ ഗൂഢാലോചനയിൽ പങ്കാളിയായ പാക് വംശജനും കനേഡിയൻ പൗരനുമായ തഹാവൂര്‍ റാണയെ തുടര്‍ച്ചയായ മൂന്നാം ദിവസവും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യംചെയ്തു.
ക്രമണത്തിനു ചുക്കാൻ പിടിച്ച ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായുള്ള ഫോൺ സംഭാഷണങ്ങൾ, ആക്രമണത്തിന്റെ ഭാഗമായി ദുബായിൽ നടത്തിയ ഏകോപനം എന്നിവയുടെ വിശദാംശങ്ങളാണ് അന്വേഷണസംഘം തേടിയത്.
ഡല്‍ഹിയിലെ സിജിഒ കോംപ്ലക്സിലുള്ള എന്‍ഐഎ ആസ്ഥാനത്തു കനത്ത സുരക്ഷയിലാണ് ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നത്. മറ്റു പ്രതികൾക്ക് നൽകുന്ന അതേ പരിഗണന മാത്രമാണ് തഹാവൂര്‍ റാണയ്ക്കും നല്‍കുന്നതെന്ന് എന്‍ഐഎ അറിയിച്ചു. ഖുർ ആന്റെ ഒരു കോപ്പിയും പേനയും പേപ്പറും മാത്രമാണ് തഹാവൂർ റാണ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഇതു നൽകി. ദിവസവും അഞ്ചുനേരം ഇയാള്‍ നിസ്കരിക്കുന്നുണ്ട്. പേന ഉപയോഗിച്ച് സ്വയം പരിക്കുകള്‍ ഉണ്ടാക്കാതിരിക്കാന്‍ ജയിലധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. മറ്റ് ആവശ്യങ്ങളൊന്നും തഹാവൂര്‍ റാണ ഉന്നയിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
കോടതി നിര്‍ദേശപ്രകാരം ഒന്നിടവിട്ട ദിവസങ്ങളില്‍ അഭിഭാഷകനുമായി സംസാരിക്കാന്‍ തഹാവൂര്‍ റാണയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. ഡല്‍ഹി ലീഗല്‍ സര്‍വീസ് അഥോറിറ്റിയാണ് നിയമസഹായം നല്‍കുന്നത്. രണ്ടുദിവസം കൂടുമ്പോള്‍ വൈദ്യപരിശോധനയ്ക്കും വിധേയനാക്കുന്നുണ്ട്. യുഎസില്‍നിന്ന് കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ച റാണയെ 18 ദിവസത്തേക്കാണ് ഡൽഹി കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടത്.