ദേശീയപാതാ വികസനം: പത്തു ലക്ഷം കോടി നിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി ഗഡ്കരി
സ്വന്തം ലേഖകൻ
Monday, April 14, 2025 2:43 AM IST
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ദേശീയപാതകളുടെ വികസനത്തിനായി അടുത്ത രണ്ടു വർഷം 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. വികസനം സാധ്യമാകുന്നതോടെ അമേരിക്കൻ റോഡുകളോടു കിടപിടിക്കുന്ന തരത്തിൽ രാജ്യത്തെ റോഡുകൾ മാറുമെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
അടുത്ത രണ്ടു വർഷത്തിനിടയിൽ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യം ലോകത്തിലെതന്നെ ഏറ്റവും മികച്ചതാക്കി മാറ്റാനാണു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അതിർത്തിമേഖലകളിലെ റോഡ് വികസനത്തിനും പദ്ധതി ലക്ഷ്യമിടുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ ഊന്നൽ വരും നൽകുമെന്നും ഗഡ്കരി പറഞ്ഞു. 784 ദേശീയപാതാ പദ്ധതികളാണു നടപ്പിലാക്കുന്നത്. 21,335 കിലോമീറ്റർ ദൂരംവരുന്ന ഈ പദ്ധതികൾക്കായി 3,73,484 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം, നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് എന്നിവയുടെ പദ്ധതികൾ ഇവയിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.