മുർഷിദാബാദ് കലാപം 150 പേർ അറസ്റ്റിൽ
Monday, April 14, 2025 2:43 AM IST
കോൽക്കത്ത: ബംഗാളിലെ മുർഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രക്ഷോഭത്തിൽ ഇന്നലെ 12 പേരെ അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. ശനിയാഴ്ച കലാപത്തിനിടെ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാന പോലീസിനെ സഹായിക്കാനായി അഞ്ചു കന്പനി ബിഎസ്എഫ് സംഘത്തെ മുർഷിദാബാദിൽ വിന്യസിച്ചിട്ടുണ്ട്.
കേന്ദ്രസേനയെ വിന്യസിക്കണമെന്നു ശനിയാഴ്ച കൽക്കട്ട ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഇന്നലെ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. റോഡുകൾ വിജനമായിരുന്നു. കടകൾ അടഞ്ഞുകിടന്നു. തെരുവുകളിലെങ്ങും കത്തിക്കരിഞ്ഞ നിലയിൽ വാഹനങ്ങൾ കാണാമായിരുന്നു. ഷോപ്പിംഗ് മാളുകളും കടകളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടു.
ധുലിയാൻ, ഷംഷേർഗഞ്ച്, സുതി തുടങ്ങിയ പ്രശ്നബാധിത മേഖലകളിൽ പോലീസും കേന്ദ്രസേനയും പട്രോളിംഗ് നടത്തി. പ്രധാന റോഡുകളിലെല്ലാം സുരക്ഷാസേന വാഹനപരിശോധന നടത്തുന്നു. പ്രശ്നബാധിത പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മുർഷിദാബാദിലെ ധുലിയാനിൽനിന്ന് 400 ഹിന്ദുക്കൾ പലായനം ചെയ്തുവെന്ന് ബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി ആരോപിച്ചു. മാൽദ ജില്ലയിലെ ബയ്സ്നാബ്നഗറിലെ സ്കൂളിലാണ് ഇവർ അഭയം തേടിയിരിക്കുന്നതെന്ന് സുവേന്ദു പറഞ്ഞു. കലാപബാധിതമായ മുർഷിദാബാദിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർവകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ് എംപി ഇഷാ ഖാൻ ചൗധരി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മാൽദ ദക്ഷിൺ മണ്ഡലത്തിലെ എംപിയാണ് ചൗധരി.