ബംഗാളിൽ ബില്ലുകൾ കെട്ടിക്കിടക്കുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം: രാജ്ഭവൻ
Monday, April 14, 2025 2:16 AM IST
കോൽക്കത്ത: ബംഗാൾ നിയമസഭ പാസാക്കിയ ചില ബില്ലുകൾ ഒരു നടപടിയുമെടുക്കാതെ രാജ്ഭവനിൽ കെട്ടിക്കിടക്കുന്നുവെന്ന ആരോപണം തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു.
ഗവർണറുടെ അംഗീകാരത്തിനെത്തിയ ഓരോ ബില്ലിലും നിയമാനുസൃത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ കൃത്യമായ സ്ഥിതിവിവരം കാലാകാലങ്ങളിൽ സംസ്ഥാന സർക്കാരിനെയും നിയമസഭയെയും അറിയിച്ചിട്ടുണ്ട്. പട്ടിക മാധ്യമങ്ങൾക്കും ലഭ്യമാക്കിയിട്ടുണ്ട്.
‘തീർച്ചപ്പെടുത്താത്ത’ 22 ബില്ലുകൾ രാജ്ഭവനിൽ ഉണ്ടെന്ന് 2023ൽ സർക്കാർ റിപ്പോർട്ട് ചെയ്തപ്പോൾതന്നെ ഗവർണർ ഡോ. സി.വി. ആനന്ദബോസ് അവ സൂക്ഷ്മമായി പരിശോധിച്ചു. അഞ്ചെണ്ണം അപ്പോൾതന്നെ അംഗീകരിച്ചു. തീർപ്പുകൽപിക്കാത്തവയിൽ രണ്ടെണ്ണം പ്രസക്ത വിവരങ്ങൾ ആവശ്യപ്പെട്ട് സക്കാരിന് മടക്കിഅയച്ചവയാണ്. ഇപ്പോഴും അത് സർക്കാരിന്റെ കൈവശമാണ്.
ഓരോ ബില്ലിന്റെയും തത്സ്ഥിതി വ്യക്തമാക്കുന്ന പുതിയ പട്ടിക സഹിതമാണ് രാജ്ഭവൻ മീഡിയ സെൽ ‘എക്സ് ഹാന്ഡിലി’ൽ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സ്ഥിതിവിവരപ്രകാരം മൂന്നു ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. നാലെണ്ണത്തിന് അനുമതി നൽകി. സംസ്ഥാനസർക്കാരിൽനിന്ന് വിശദീകരണം കാത്തിരിക്കുന്നത്: എട്ട്. സർവകലാശാലാ ബില്ലുകൾ: ഏഴ് 2024-25 വർഷത്തിൽ 11 ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി നീക്കിവച്ചിരുന്നു. അവയിൽ പത്തും വിവിധ കോടതികളുടെ പരിഗണനയിലിരിക്കുന്ന, സർവകലാശാല കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. മറ്റൊന്ന് ബലാത്സംഗം, കൊലപാതകം എന്നീ കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകുന്ന ‘അപരാജിത’ വനിതാ ശിശു (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമം) ബില്ലും.
ഈ വർഷം ഫെബ്രുവരിയിൽ തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്റംഗങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിൽ അപരാജിത ബില്ലിന് രാഷ്ട്രപതി അതിവേഗം അംഗീകാരം നൽകുകയുണ്ടായി.
ബില്ലുകൾ പാസാക്കുന്നതുൾപ്പെടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഗവർണറുടെ ഓഫീസ് ഭരണഘടനാപരമായ ഔചിത്യങ്ങൾ പാലിക്കുന്നുണ്ടെന്ന് രാജ്ഭവൻ വക്താവ് വ്യക്തമാക്കി.