കന്യാസ്ത്രീക്കെതിരേ കേസെടുത്തതിനു പിന്നാലെ നഴ്സിംഗ് കോളജ് അടച്ചുപൂട്ടണമെന്ന് സംഘപരിവാർ സംഘടനകൾ
Monday, April 14, 2025 2:43 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയിൽപ്പെട്ട കുംക്രിയിൽ പ്രവർത്തിക്കുന്ന കത്തോലിക്ക നഴ്സിംഗ് കോളജിനെതിരേ സംഘപരിവാറിന്റെ ആസൂത്രിതനീക്കം.
വിദ്യാർഥിനിയുടെ വ്യാജ പരാതിയിൽ പ്രിൻസിപ്പലായ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തതിനു പിന്നാലെ നഴ്സിംഗ് കോളജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വിഎച്ച്പി, ബജ്രംഗ്ദള് തുടങ്ങിയ സംഘപരിവാർ സംഘടനകൾ സമരം ആരംഭിച്ചു.
ഒരുകാരണവശാലും നഴ്സിംഗ് കോളജ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. കോളജിനെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഷ്ണുദേവ് സായിക്ക് വിഎച്ച്പി പരാതിയും നല്കി. സംസ്ഥാനത്തെതന്നെ ഏറ്റവും മികച്ച നഴ്സിംഗ് കോളജുകളിലൊന്നായ ഹോളിക്രോസ് നഴ്സിംഗ് കോളജിലെ പ്രിൻസിപ്പൽ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരേ മതപരിവര്‍ത്തന കുറ്റം ചുമത്തി ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് തദ്ദേശവാസിയായ ഒരു വിദ്യാര്‍ഥിനി നല്കിയ പരാതിയിലാണിത്്. അതേസമയം, കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയിട്ടും കേസുമായി പോലീസ് മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ സിസ്റ്റർ ബിൻസിക്ക് മുൻകൂർ ജാമ്യത്തിനായി നീക്കം ആരംഭിച്ചിട്ടുണ്ട്.
ഈ മാസം രണ്ടിനാണ് മതം മാറാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനും വിദ്യാർഥിനി പരാതി നല്‍കിയത്. ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ പ്രിന്‍സിപ്പല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ജനറല്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ ആരോപണം. എന്നാല്‍, ആരോപണം സിസ്റ്റർ ബിന്‍സി ജോസഫ് നിഷേധിച്ചു.
അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ പരാതിക്കാരി ഈ വര്‍ഷം ജനുവരി മുതല്‍ കോഴ്സിന്റെ ഭാഗമായുള്ള ഹോസ്പിറ്റല്‍ ജോലികളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് സിസ്റ്റർ ബിന്‍സി വ്യക്തമാക്കി. ഇതോടൊപ്പം അവസാനവര്‍ഷ പരീക്ഷയുടെ ഭാഗമായ തിയറി ക്ലാസുകളിലും ഹാജരായില്ല. ഇങ്ങനെ നിരന്തരം ക്ലാസുകളില്‍നിന്നും പ്രാക്ടിക്കലുകളില്നിന്നും വിട്ടുനില്‍ക്കുന്നതായി അധ്യാപകരില്‍നിന്നു റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളുമായി കോളജിലെത്താന്‍ താന്‍ വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ടെങ്കിലും ആരും വന്നില്ല.
അവസാനവര്‍ഷ പരീക്ഷയെഴുതാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കോഴ്സ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂവെന്ന് അറിയിച്ചു.
നിലവില്‍ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ മാനദണ്ഡപ്രകാരം തിയറിക്കും പ്രാക്ടിക്കലിനും 80 ശതമാനം ഹാജരുണ്ടെങ്കില്‍ മാത്രമേ പരീക്ഷയെഴുതാൻ സാധിക്കൂ. പരാതിക്കാരിക്ക് വെറും 32 ശതമാനം ഹാജര്‍ മാത്രമാണുള്ളത്. എന്നിട്ടും തിയറി പരീക്ഷയെഴുതാന്‍ അനുവദിച്ചു. പക്ഷേ, പ്രാക്ടിക്കലും ആശുപത്രി വാര്‍ഡ് ഡ്യൂട്ടികളും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂവെന്ന് വിദ്യാർഥിനിയോടു വ്യക്തമാക്കിയിരുന്നതായും സിസ്റ്റർ ബിൻസി പറഞ്ഞു.
കോളജ് ആവശ്യപ്പെട്ട വിധത്തിലുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കാമെന്നു കാണിച്ച് ഈ വര്‍ഷം ജനുവരി 15ന് വിദ്യാര്‍ഥിനി സത്യവാങ് മൂലം നല്‍കിയിരുന്നതായി കോളജ് അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റീമ മാത്യു പറഞ്ഞു.
എന്നാല്‍, എഴുതിത്തന്ന പ്രകാരമുള്ള യാതൊരു കാര്യവും വിദ്യാർഥിനി പൂര്‍ത്തിയാക്കിയില്ലെന്നും അഡ്മിനിസ്ട്രേറ്റര്‍ വ്യക്തമാക്കി. പിന്നീടാണ് പെണ്‍കുട്ടി ജില്ലാ കളക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനും തന്നെ മതം മാറ്റാന്‍ പ്രിന്‍സിപ്പല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.
ആരോപണം കെട്ടിച്ചമച്ചത്: ബിഷപ് ഇമ്മാനുവൽ കെർകെട്ട
സിസ്റ്റർ ബിൻസി ജോസഫിനെതിരേയുള്ള മതപരിവർത്തന ആരോപണം കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണെന്ന് ജംഷഡ്പുർ രൂപത ബിഷപ് ഡോ. ഇമ്മാനുവൽ കെർകെട്ട പറഞ്ഞു.
ജാതി-മത-വർഗ-ഭാഷാ ഭേദമില്ലാതെയാണ് കത്തോലിക്കാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. പരാതി ഉയരുകയും കേസെടുക്കുകയും ചെയ്ത സാഹചര്യത്തിൽ അധികൃതർ നേരായ അന്വേഷണം നടത്തട്ടെ. കത്തോലിക്കാസഭ മനഃസാക്ഷി സ്വാതന്ത്ര്യവും മനുഷ്യാന്തസും ഉയർത്തിപ്പിടിക്കുന്നു. ഞങ്ങൾ ആരെയും ഉപദ്രവിക്കാനോ വശീകരിക്കാനോ പോകുന്നില്ല. ഭീഷണികൾക്കും സമ്മർദങ്ങൾക്കും അടിപ്പെടാതെ വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമ പ്രവർത്തനങ്ങൾ വിവേചനംകൂടാതെ തുടരുകതന്നെ ചെയ്യും-ബിഷപ് വ്യക്തമാക്കി.