ഡൽഹിയിൽ കുരിശിന്റെ വഴിക്ക് പോലീസ് അനുമതി നിഷേധിച്ചു
സ്വന്തം ലേഖകൻ
Monday, April 14, 2025 2:43 AM IST
ന്യൂഡൽഹി: ഡൽഹി അതിരൂപതയുടെ നേതൃത്വത്തിൽ ഓശാന ഞായറാഴ്ച നടത്താറുണ്ടായിരുന്ന കുരിശിന്റെ വഴിക്ക് പോലീസ് അനുമതി നിഷേധിച്ചു. എല്ലാവർഷവും ഓശാന ഞായറാഴ്ച അതിരൂപതയുടെ നേതൃത്വത്തിൽ ഓൾഡ് ഡൽഹിയിലെ സെന്റ് മേരീസ് പള്ളിയിൽനിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ കടന്ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ അവസാനിക്കുന്ന തരത്തിൽ ദൃശ്യാ വിഷ്കാരത്തോടെ കുരിശിന്റെ വഴി നടത്താറുണ്ട്. എന്നാൽ, സുരക്ഷാ കാരണങ്ങളാലും നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി കുരിശിന്റെ വഴി നടത്താൻ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടുമുതൽ 6.30 വരെ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നടത്താനായിരുന്നു വിശ്വാസികളുടെ തീരുമാനം. എന്നാൽ പോലീസ് ഇടപെട്ടതിനെത്തുടർന്ന് ഉച്ചകഴിഞ്ഞു 3.30ന് ആരംഭിച്ച് 4.30 ഓടെ കത്തീഡ്രലിനു സമീപമുള്ള സെന്റ് കൊളംബസ് സ്കൂൾ ഗ്രൗണ്ടിൽ കുരിശിന്റെ വഴി പൂർത്തിയാക്കി. നിശ്ചയിച്ചതുപോലെ കുരിശിന്റെ വഴി നടത്താൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് കുരിശിന്റെ വഴിക്കു മുന്നോടിയായി നടത്തിയ ആമുഖ പ്രസംഗത്തിൽ ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കുട്ടോ പറഞ്ഞു.
പോലീസിന്റെ തീരുമാനം അംഗീകരിക്കുന്നതായി സേക്രഡ് ഹാർട്ട് കത്തീഡ്രൽ ഇടവക വികാരി ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ പ്രതികരിച്ചു. രണ്ടാ യിരത്തോളം പേർ ഭക്തിപൂർവം പങ്കെടുക്കാറുള്ള കുരിശിന്റെ വഴി നടത്താൻ പോലീസ് അനുമതി നിഷേധിച്ചത് എന്തുകൊണ്ടാണെന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ വർഷവും സമാനമായി പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്തു നിലനിന്നിരുന്ന സുരക്ഷാനടപടികളുടെ ഭാഗമായാണ് അന്ന് അനുമതി നിഷേധിച്ചത്.
എന്നാൽ, ഇത്തവണ വ്യക്തമായ കാരണങ്ങൾ പോലീസിനു ചൂണ്ടിക്കാട്ടാനില്ലായിരുന്നുവെന്ന് കാത്തലിക് അസോസിയേഷൻ ഡൽഹി അതിരൂപത പ്രസിഡന്റ് എ.സി. മൈക്കിൾ പ്രതികരിച്ചു. ഞായറഴ്ച നടത്തേണ്ട കുരിശിന്റെ വഴിക്കുള്ള അനുമതി നിഷേധിച്ച വിവരം ശനിയാഴ്ച രാത്രി എട്ടോടെയാണു പോലീസ് തങ്ങളെ അറിയിച്ചത്. അനുമതി നിഷേധിച്ച വിവരം നേരത്തേ അറിയിച്ചിരുന്നെങ്കിൽ കോടതിയെ സമീപിച്ചേനെയെന്നും അദ്ദേഹം പ്രതികരിച്ചു. ഡൽഹിയിൽ ഇന്നലെ ഐപിഎൽ മത്സരം നടക്കുന്നതിനാൽ കൂടുതൽ ഗതാഗതതടസം നേരിട്ടേക്കാമെന്ന കാരണത്താലാണ് അനുമതി നിഷേധിച്ചതെന്ന് പോലീസിലെ അനൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായും മൈക്കിൾ പറഞ്ഞു.
കഴിഞ്ഞ കുറെ വർഷങ്ങളായി യാതൊരു ഗതാഗതതടസമോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതെ സമാധാനപരമായായിരുന്നു വിശ്വാസികൾ കുരിശിന്റെ വഴി നടത്തിയിരുന്നത്. ഇത്തരമൊരു നടപടി രാജ്യത്തു ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് കാത്തലിക് അസോസിയേഷൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു.
മതസ്വാതന്ത്ര്യത്തിന്റെ ലംഘനം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഓശാന ഞായറിനോട് അനുബന്ധിച്ച് ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ കുരിശിന്റെവഴിക്ക് അനുമതി നിഷേധിച്ച ഡൽഹി പോലീസ് നടപടി ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഡൽഹി പോലീസ് നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.
ജനാധിപത്യവിരുദ്ധം: വി.ഡി. സതീശൻ
തിരുവനന്തപുരം: ഡൽഹി സെന്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിലേക്ക് നടത്താനിരുന്ന കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽഹി പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രൈസ്തവർക്കും ദേവാലയങ്ങൾക്കും എതിരേ സംഘപരിവാർ ആക്രമണം തുടരുന്നതിനിടെയാണ് രാജ്യതലസ്ഥാനത്തും കേന്ദ്ര സർക്കാർ നിർദേശപ്രകാരം ക്രൈസ്തവ ആചാരത്തിന് വിലക്ക് ഏർപ്പെടുത്തിയതതെന്നും സതീശൻ കുറ്റപ്പെടുത്തി.
അനുമതി നിഷേധിച്ചത് സുരക്ഷാ കാരണങ്ങളാൽ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
തിരുവനന്തപുരം: ഡൽഹിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിലെ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചത് സുരക്ഷാ കാരണങ്ങൾ പരിഗണിച്ചാണെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കഴിഞ്ഞ 11 മുതൽ രാജ്യതലസ്ഥാനത്തു വിവിധ കാരണങ്ങളാൽ സുരക്ഷാ നടപടി ശക്തിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസത്തെ ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച ഘോഷയാത്രയ്ക്കും അനുമതി നിഷേധിച്ചിരുന്നെന്നും അദ്ദേഹം മാധ്യമങ്ങ ളോടു പറഞ്ഞു.