ജാതി സെൻസസ്: തിടുക്കത്തിൽ തീരുമാനമെടുക്കില്ലെന്ന് ഡി.കെ. ശിവകുമാർ
Monday, April 14, 2025 2:16 AM IST
ബംഗളൂരു: ജാതി സെൻസസ് വിഷയത്തിൽ കർണാടക സർക്കാർ തിടുക്കത്തിൽ തീരുമാനമെടുക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജാതി സെൻസസ് റിപ്പോർട്ടിനെതിരേ ചില വിഭാഗങ്ങൾ എതിർപ്പുയർത്തിയതിനെത്തുടർന്നായിരുന്നു ശിവകുമാറിന്റെ വിശദീകരണം. കർണാടക സ്റ്റേറ്റ് കമ്മീഷൻ ഫോർ ബാക്ക്വേഡ് ക്ലാസസ് റിപ്പോർട്ട് വെള്ളിയാഴ്ച മന്ത്രിസഭയ്ക്കു മുന്പാകെ സമർപ്പിച്ചിരുന്നു. ഏപ്രിൽ 17നു ചേരുന്ന പ്രത്യേക കാബിനറ്റ് യോഗം റിപ്പോർട്ട് ചർച്ച ചെയ്യും.
കെ. ജയപ്രകാശ് ഹെഗ്ഡെ ചെയർമാനായ കമ്മീഷൻ 2024 ഫെബ്രുവരി 29നാണ് റിപ്പോർട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു സമർപ്പിച്ചത്. 2015ലാണ് സർവേ ആരംഭിച്ചത്. എച്ച്. കാന്തരാജു ആയിരുന്നു അന്ന് സ്റ്റേറ്റ് ബാക്ക്വേഡ് കമ്മീഷൻ ചെയർപേഴ്സൺ .
2018ൽ സർവേ പൂർത്തിയായി. സർവേയുടെ അന്തിമ റിപ്പോർട്ട് തയാറാക്കിയത് കാന്തരാജുവിന്റെ പിൻഗാമി കെ. ജയപ്രകാശ് ഹെഗ്ഡെ ആയിരുന്നു. സർവേയുടെ ഭാഗമായ 5.98 കോടി ജനങ്ങളിൽ 4.16 കോടി (70 ശതമാനം) പേർ ഒബിസി വിഭാഗക്കാരാണ്. ഒബിസി സംവരണ ക്വോട്ട 32ൽനിന്ന് 51 ശതമാനമാക്കണമെന്നു കമ്മീഷൻ ശിപാർശ ചെയ്യുന്നു. പട്ടികജാതിക്കാർക്ക് 17 ശതമാനവും പട്ടികവർഗക്കാർക്ക് ഏഴു ശതമാനവുമാണ് നിലവിലുള്ള സംവരണം.
ഒബിസിക്ക് 51 ശതമാനം അനുവദിച്ചാൽ സംസ്ഥാനത്ത് 75 ശതമാനം സംവരണമാകും. പട്ടികജാതി/പട്ടികവിഭാഗക്കാരാണ് സംസ്ഥാനത്തെ ഏറ്റവും വലിയ വിഭാഗമെന്ന് ജാതി സെൻസസ് വ്യക്തമാക്കുന്നു. 1.52 കോടിയാണ് പട്ടികവിഭാഗങ്ങളുടെ എണ്ണം. ഒബിസിയിലെ ഓരോ വിഭാഗവും തിരിച്ചുള്ള എണ്ണം ലഭ്യമല്ല. ഒബിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മുസ്ലിംകളുടെ എണ്ണം 75.25 ലക്ഷമാണ്. ഇവരുടെ സംവരണം നിലവിലുള്ള നാലു ശതമാനത്തിൽനിന്ന് എട്ടു ശതമാനമാക്കണമെന്നാണു ശിപാർശ.
കർണാടകയിൽ ജനറൽ വിഭാഗത്തിലുള്ളവരുടെ എണ്ണം 29.74 ലക്ഷമാണെന്നാണ് ജാതി സെൻസസിൽ വെളിപ്പെടുന്നത്. അതേസമയം, ജാതി സർവേ അശാസ്ത്രീയമാണെന്ന് കർണാടകയിലെ പ്രബല മുന്നാക്ക വിഭാഗങ്ങളായ ലിംഗായത്തുകളും വൊക്കലിംഗക്കാരും വാദിക്കുന്നു. പല കുടുംബങ്ങളെയും സർവേയിൽ ഉൾപ്പെടുത്തിയില്ലെന്ന് ഈ വിഭാഗത്തിലെ നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ, റിപ്പോർട്ടിലെ 95 ശതമാനം കാര്യങ്ങളും ശരിയാണെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലപാട്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരാണ്(2013-2018) 2015ൽ ജാതി സെൻസസിനു തുടക്കമിട്ടത്.
ലിംഗായത്തിലെ ചില ഉപവിഭാഗങ്ങളുടെ പേര് ഹിന്ദു-ബനാജിഗ, ഹിന്ദു-ഗനിഗ, ഹിന്ദു-സദാര എന്നിങ്ങനെയാണു രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. ഒബിസി സംവരണം ലഭിക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്നും എല്ലാവരെയും ഒന്നിച്ചു കണക്കാക്കിയാൽ ഒരു കോടിയിലേറെ ലിംഗായത്തുകളുണ്ടാകുമെന്നും മന്ത്രി പാട്ടീൽ കൂട്ടിച്ചേർത്തു.
വൊക്കലിംഗ വിഭാഗവും ഇതേ വാദമുയർത്തുന്നു. വൊക്കലിംഗയിലെ വിവിധ ഉപജാതിക്കാരെ വ്യത്യസ്തമായാണ് ജാതി സെൻസസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക പറഞ്ഞു. ഈ റിപ്പോർട്ട് സ്വീകാര്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി.കെ. ശിവകുമാറും ആർ. അശോകയും വൊക്കലിംഗ വിഭാഗക്കാരാണ്. കർണാടക രാഷ്ട്രീയത്തെ ദശകങ്ങളായി നിയന്ത്രിക്കുന്നത് ലിംഗായത്ത്, വൊക്കലിംഗ വിഭാഗക്കാരാണ്. സംസ്ഥാനത്ത് ഇതുവരെയുണ്ടായ മുഖ്യമന്ത്രിമാരിലേറെയും ഈ വിഭാഗക്കാരാണ്.