ഡൽഹി സർക്കാരിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി രേഖയുടെ ഭർത്താവാണെന്ന് പ്രതിപക്ഷനേതാവ് അതിഷി
സ്വന്തം ലേഖകൻ
Monday, April 14, 2025 2:16 AM IST
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് അതിഷി മർലേനയുടെ പ്രസ്താവന ഡൽഹിയിൽ പുതിയ രാഷ്ട്രീയവിവാദങ്ങൾക്ക് വഴിതുറന്നു. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭർത്താവ് മനീഷ് ഗുപ്ത സർക്കാരിനെ അനൗദ്യോഗികമായി നിയന്ത്രിക്കുന്നുവെന്ന അതിഷിയുടെ പ്രസ്താവനയാണ് പുതിയ വിവാദത്തിനിടയാക്കിയത്. ഡൽഹിയിലെ പൊതുമേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ രേഖ ഗുപ്തയുടെ ഭർത്താവ് പങ്കെടുക്കുന്ന ചിത്രം സമൂഹമാധ്യമത്തിലൂടെ അതിഷി പങ്കുവച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം.
ഗ്രാമീണമേഖലകളിൽ വനിതാ സർപഞ്ചുമാരുടെ ഭർത്താവ് പലപ്പോഴും അനൗദ്യോഗികമായി ഭരണപരമായ ചുമതലകൾ ഏറ്റെടുക്കുന്ന ഭരണരീതി നാം കേട്ടിട്ടുണ്ട്. എന്നാൽ രാജ്യത്ത് ആദ്യമായിരിക്കും ഒരു വനിതാ മുഖ്യമന്ത്രിയുടെ ഭർത്താവ് ഇത്തരത്തിൽ ഭരണകാര്യങ്ങൾ അനൗദ്യോഗികമായി നിയന്ത്രിക്കുന്നത് എന്ന അടിക്കുറിപ്പോടെ ആയിരുന്നു അതിഷിയുടെ പോസ്റ്റ്.
തലസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതിമുടക്കം, സ്വകാര്യ സ്കൂൾ ഫീസ് വർധനവ് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിക്കു കഴിയുന്നില്ലെന്നും അതിഷി വ്യക്തമാക്കി.
എന്നാൽ അതിഷി ഒരു വനിതാ നേതാവിനെ അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. തന്റെ രാഷ്ട്രീയമികവുകൊണ്ട് ഉയർന്നുവന്ന വ്യക്തിയാണ് രേഖ ഗുപ്ത. അവരുടെ ഭർത്താവ് അവരെ പിന്തുണയ്ക്കുന്നതിൽ നിയമവിരുദ്ധതയോ അധാർമികതയോ ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പ്രതികരിച്ചു.
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കേജരിവാളിന്റെ ഭാര്യ സുനിത കേജരിവാൾ പൊതുജനങ്ങളെ അഭിസംബോധന ചെയ്തതുൾപ്പെടെ എഎപി നേതാക്കളുടെ ഭാര്യമാർ രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള സംഭവങ്ങളും സച്ച്ദേവ ചൂണ്ടിക്കാട്ടി.